സിപിഎം നേതാവ് തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊന്ന കേസ്; ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തലശേരി: സിപിഎം നേതാവ് തലായിയിലെ കെ ലതേഷിനെ വെട്ടിക്കൊന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ഒന്ന് മുതല്‍ 7 വരെ വരുന്ന പ്രതികള്‍ക്കാണ് ശിക്ഷ. തലായി പൊക്കായി ഹൗസില്‍ പി സുമിത്ത് (കുട്ടന്‍38), കൊമ്മല്‍ വയല്‍ വിശ്വവസന്തത്തില്‍ കെ കെ പ്രജീഷ്ബാബു (പ്രജീഷ്46), തലായി ബംഗാളി ഹൗസില്‍ ബി നിധിന്‍ (നിധു37), പുലിക്കൂല്‍ ഹൗസില്‍ കെ സനല്‍ എന്ന ഇട്ടു (37), പാറേമ്മല്‍ ഹൗസില്‍ സ്മിജോഷ് എന്ന തട്ടിക്കുട്ടന്‍ (42), കുനിയില്‍ ഹൗസില്‍ സജീഷ് എന്ന ജിഷു (37), പഴയമഠത്തില്‍ വി ജയേഷ് (39) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 8ാം പ്രതി വിചാരണ കാലയളവില്‍ മരിച്ചിരുന്നു.ഒന്‍പത് മുതല്‍ 12 വരെ പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.
മല്‍സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവും സിപിഐ എം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ തലായിയിലെ കെ ലതേഷി(28)നെ 2008 ഡിസംബര്‍ 31ന് വൈകിട്ട് 5.30ന് ചക്യത്തുമുക്ക് കടപ്പുറത്ത് വെച്ചാണ് വെട്ടിക്കൊന്നത്. ആക്രമണത്തില്‍ സിപിഐ എം പ്രവര്‍ത്തകന്‍ മോഹന്‍ലാല്‍ എന്ന ലാലുവിനും ഗുരുതരപരിക്കേറ്റിരുന്നു.
ചക്യത്ത്മുക്ക്, നാഷനല്‍ ഹൈവേ ഭാഗങ്ങളില്‍ നിന്ന് ആയുധങ്ങളുമായി എത്തിയ സംഘം ലതേഷിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സുമിത്ത് ആണ് ആദ്യം വാള്‍ വീശിയത്. പ്രജീഷ് കൈയിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. തിരയില്‍ കമിഴ്ന്നടിച്ചു വീണ ലതേഷിനെ അജിത്തും സ്മിജേഷും കൈയിലുണ്ടായിരുന്ന വാളും മഴുവും ഉപയോഗിച്ച് കാലിനും ശരീരത്തിലും വെട്ടുകയും കുത്തുകയും ചെയ്തു. ബഹളംകേട്ട് തോണിക്കാരടക്കമുള്ളവര്‍ ഓടിവരുന്നതിനിടെ ബോംബെറിഞ്ഞ് പ്രതികള്‍ രക്ഷപ്പെട്ടു എന്നാണ് കേസ്.
