മുംബൈ: ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ഓഹരികളില്‍ വിപണിയില്‍ വ്യാപക വില്‍പ്പന തുടരുന്നതിനിടെ രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷൂറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) വന്‍തോതില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പരമ്പരാഗത ഐടി കമ്പനികള്‍ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് നിക്ഷേപകര്‍ ഐടി ഓഹരികള്‍ വിറ്റൊഴിവാക്കിയത്. എന്നാല്‍ വിപണിയിലെ ഇടിവിനെ അവസരമാക്കി എല്‍ഐസി ഐടി മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുകയായിരുന്നു.
ഡിസംബര്‍ സാമ്പത്തിക പാദത്തില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), എച്ച്‌സിഎല്‍ ടെക്‌നോളജീസ്, കോഫോര്‍ജ് തുടങ്ങിയ പ്രമുഖ ഐടി കമ്പനികളുടെ ഓഹരികള്‍ എല്‍ഐസി സ്വന്തമാക്കി. ടിസിഎസില്‍ 3,136 കോടി രൂപയും എച്ച്‌സിഎല്‍ ടെക്‌നോളജീസില്‍ 2,293 കോടി രൂപയും നിക്ഷേപിച്ചു. കോഫോര്‍ജില്‍ ഓഹരി പങ്കാളിത്തം സെപ്റ്റംബര്‍ പാദത്തിലെ ഒരു ശതമാനത്തില്‍ താഴെയായിരുന്ന നിലയില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ 4.66 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയില്‍ നിന്ന് ഏകദേശം 30 ശതമാനം വരെ ഇടിവ് നേരിട്ട ഓഹരികളിലൊന്നാണ് കോഫോര്‍ജ്.
ഐടി മേഖലയിലെ എല്‍ഐസിയുടെ മൊത്തം നിക്ഷേപം 1.82 ലക്ഷം കോടി രൂപയില്‍ നിന്ന് 2.17 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. മൊത്തം ഓഹരി നിക്ഷേപത്തില്‍ ഐടി മേഖലയിലെ വിഹിതം 11.32 ശതമാനത്തില്‍ നിന്ന് 12.43 ശതമാനമായി ഉയര്‍ന്നു. ചില ഐടി ഓഹരികള്‍ക്ക് 36 ശതമാനം വരെ ഇടിവ് നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം, സാമ്പത്തിക സേവന മേഖലയിലെ നിക്ഷേപങ്ങളില്‍ എല്‍ഐസി വന്‍തോതില്‍ വില്‍പ്പന നടത്തി. പ്രൈം ഡാറ്റബേസിന്റെ കണക്കുകള്‍ പ്രകാരം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,080 കോടി രൂപയുടെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 1,528 കോടി രൂപയുടെയും ബാങ്ക് ഓഫ് ബറോഡയുടെ 1,173 കോടി രൂപയുടെയും ഓഹരികള്‍ വിറ്റൊഴിവാക്കി. ഇതോടെ എല്‍ഐസി പോര്‍ട്ട്‌ഫോളിയോയിലെ സാമ്പത്തിക സേവന മേഖലയിലെ വിഹിതം 27.21 ശതമാനത്തില്‍ നിന്ന് 26.52 ശതമാനമായി കുറഞ്ഞു. ബാങ്കിംഗ്, ധനകാര്യ മേഖലയിലെ മൊത്തം നിക്ഷേപം 4.64 ലക്ഷം കോടി രൂപയാണ്.
എന്‍എംഡിസി, വോള്‍ട്ടാസ്, ഡോ. റെഡീസ് ലബോറട്ടറീസ്, ആസ്ട്രല്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ജെഎസ്ഡബ്ല്യു എനര്‍ജിഎന്നിവയും ഡിസംബര്‍ പാദത്തില്‍ എല്‍ഐസി വാങ്ങിയ പ്രധാന ഓഹരികളാണ്. മറ്റുള്ളവര്‍ വില്‍ക്കുന്ന സമയത്ത് വാങ്ങണമെന്ന ലോകപ്രശസ്ത നിക്ഷേപകന്‍ വാരന്‍ ബഫറ്റ് പ്രചരിപ്പിച്ച 'കണ്‍ട്രാറിയന്‍' നിക്ഷേപ തന്ത്രത്തിന് സമാനമായ നീക്കമാണിത് എന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്. 17.83 ലക്ഷം കോടി രൂപ മൂല്യമുള്ള 283 ഓഹരികളാണ് നിലവില്‍ എല്‍ഐസിയുടെ പോര്‍ട്ട്‌ഫോളിയോയിലുള്ളത്.
