കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു

Update: 2025-02-20 01:07 GMT

നെല്ലിയാമ്പതി: നെല്ലിയാമ്പതി പുലയമ്പാറയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുലിയെ പുറത്തെടുത്തു. പുലയമ്പാറയില്‍ ജോസിന്റെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു പുലിയെ കണ്ടത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ജോസിന്റെ മകള്‍ കിണറ്റില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചെങ്കിലും വെള്ളം വരാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിച്ചു. വനപാലകര്‍ കയര്‍ കെട്ടി ഇറക്കിയ ടയറിലാണ് പുലി പിടിച്ചുനിന്നത്. മയക്കുവെടി വെയ്ക്കാനാവാത്തതിനാല്‍ കൂട് കിണറ്റിലേക്കിറക്കിയാണ് രാത്രി 12.20ഓടെ പുലിയെ പുറത്തെത്തിച്ചത്. പുലിയെ കൈകാട്ടിയിലെ സെക്ഷന്‍ ഓഫീസിലേക്ക് മാറ്റി.