രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കേണ്ടെന്ന് നിയമോപദേശം
രാജിയുടെ കാര്യത്തില്‍ മൂന്ന് നിയമവിദഗ്ധരില്‍ നിന്നാണ് കോണ്‍ഗ്രസ് നേത്യത്വം നിയമോപദേശം തേടിയിട്ടുള്ളത്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന് നിയമോപദേശം. പരാതിയോ കേസോ ഇല്ലാത്ത സാഹചര്യത്തിലാണ് രാജി വേണ്ടന്ന നിയമോപദേശം. കെപിസിസി കോണ്‍ഗ്രസ് നേത്യത്വം രാഹുലിന്റെ രാജിയുടെ കാര്യത്തില്‍ മൂന്ന് നിയമവിദഗ്ധരില്‍ നിന്നാണ് നിയമോപദേശം തേടിയിട്ടുള്ളത്. ഇതില്‍ ഒരാളുടെ ഉപദേശമാണ് ലഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും നിയമോപദേശത്തില്‍ ചൂണ്ടികാണിക്കുന്നു.
രാഹുലിനെതിരെയുള്ള ലൈംഗികാരോപണ പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കിയ ഫോണ്‍ സംഭാഷണങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരാതി ഇതുവരെയില്ലെന്നും. ഒരു എഫ്ഐആര്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ രാഹുല്‍മാങ്കൂട്ടത്തില്‍ രാജിവെക്കുന്നതെന്തിനാണെന്നും നിയമോപദേശകര്‍ വ്യക്തമാക്കി.
ഇതേ അഭിപ്രായം തന്നെയാണ് കോണ്‍ഗ്രസ് നേത്യത്വത്തിലെ ചില നേതാക്കള്‍ക്കും ഉള്ളത്. കെ പി സി സി അധ്യക്ഷന്‍ അടക്കമുള്ളവര്‍ സമാനമായ അഭിപ്രായത്തിലേക്ക് തന്നെയാണ് എത്തിനില്‍ക്കുന്നതും. എന്നാല്‍ രാജിവേണ്ടെന്നുള്ള പൂര്‍ണതീരുമാനത്തിലേക്ക് കെപിസിസി നേത്യത്വം എത്തിയിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചര്‍ച്ചകളും കൂടിയാലോചനകളും നടക്കും. നിയമോപദേശം പൂര്‍ണമാകാതെ രാജികാര്യത്തില്‍ ഒരു അന്തിമതീരുമാനം എടുക്കാനാവില്ല. രാഷ്ട്രീയകാര്യ സമിതി ഓണ്‍ലൈനായി ചേരാനുള്ള തീരുമാനം സുരക്ഷിതമല്ലെന്ന നിഗമനത്തില്‍ ഉപേക്ഷിച്ചിരിക്കുകയാണ് നേത്യത്വം.
