ലബ്നാനിലെ ഇസ്രായേലി ആക്രമണങ്ങളിൽ ഒറ്റ ദിവസം കൊല്ലപ്പെട്ടത് 254 പേർ ; രാജ്യത്ത് ദേശീയ ദുഃഖാചരണം
ലബ്നാൻ : ലബ്നനിലെ ഇസ്രായേലി ആക്രമണങ്ങളിൽ ഒറ്റ ദിവസം കൊല്ലപ്പെട്ടത് 254 പേർ . 1,165 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനെത്തുടർന്ന്, രാജ്യത്ത് ഒരു ദേശീയ ദുഃഖാചരണ ദിനം പ്രഖ്യാപിച്ചു.
ഇസ്രായേലി ആക്രമണങ്ങൾ തടയാൻ രാജ്യത്തെ എല്ലാ രാഷ്ട്രീയ, നയതന്ത്ര വിഭവങ്ങളും സമാഹരിച്ചുകൊണ്ടിരിക്കുകയാണെന്ന് ലബ്നൻ പ്രധാനമന്ത്രി നവാഫ് സലാം പറഞ്ഞു. ആരോഗ്യമന്ത്രി റാകൻ നസ്രെദ്ദീൻ അന്താരാഷ്ട്ര സഹായത്തിനായി അഭ്യർത്ഥിച്ചു. പരിക്കേറ്റവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ സംവിധാനത്തിന് കനത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം, വെടിനിർത്തൽ സംബന്ധിച്ച തർക്കം കൂടുതൽ രൂക്ഷമായിട്ടുണ്ട്. ലെബനൻ കരാറിന്റെ ഭാഗമല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രസ്താവിച്ചു. "ഞങ്ങൾ അത്തരമൊരു വാഗ്ദാനം നൽകിയിട്ടില്ല," വാൻസ് പറഞ്ഞു.
അതേസമയം, വെടിനിർത്തൽ നടപ്പാക്കണോ അതോ യുദ്ധം തുടരണോ എന്ന് അമേരിക്ക തീരുമാനിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. രണ്ടും കൂടി ഒരുമിച്ച് പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.