'നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം'; സിപിഎം സംസ്ഥാന സമിതിയില്‍ എം വി ഗോവിന്ദന്‍

Update: 2026-01-24 17:03 GMT

തിരുവനന്തപുരം: പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ നേതാക്കള്‍ നടത്താന്‍ പാടില്ലെന്നും അത്തരം പ്രസ്താവകളെ പാര്‍ട്ടി തളളുമെന്നും സിപിഎം സംസ്ഥാന സമിതിയില്‍ എം വി ഗോവിന്ദന്‍. സജി ചെറിയാന്റേയും എ കെ ബാലന്റേയും വിവാദ പ്രസ്താവന പാര്‍ട്ടിക്ക് ക്ഷീണമായെന്നാണ് വിലയിരുത്തല്‍.

കാസര്‍കോട് മുനിസിപ്പാലിറ്റിയിലേയും മലപ്പുറം ജില്ലാ പഞ്ചായത്തിലേയും വിജയികളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാമെന്ന മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറന്നത്. വിമര്‍ശനം വിവാദമായതോടെ സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചിരുന്നു. പരാമര്‍ശം വിവാദമായിട്ടും പിന്നാലെ അതിനെ ന്യായീകരിച്ചത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. പിന്നാലെയായിരുന്നു ഖേദപ്രകടനം.

മതേതര വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ഇത്തരം പ്രസ്താവനകള്‍ കാരണമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മന്ത്രിയുടെ വിശദീകരണത്തെ തള്ളിക്കൊണ്ട് മുസ് ലിം ലീഗും കോണ്‍ഗ്രസും രംഗത്തെത്തി. വര്‍ഗീയത ആളിക്കത്തിക്കാന്‍ മന്ത്രി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടേയുള്ളവര്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.

Tags: