പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ പ്രതികരണവമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി പി രാമകൃഷ്ണന്‍
പേരാമ്പ്ര: പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ പ്രതികരണവമായി എല്‍ഡിഎഫ് കണ്‍വീനറും സ്ഥാനാര്‍ഥിയുമായ ടി പി രാമകൃഷ്ണന്‍.യുഡിഎഫ് ഉന്നയിക്കുന്ന പരാതികള്‍ ഇടതുപക്ഷത്തിനെതിരായ വെറും കള്ളപ്രചാരവേലയാണെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാനും തിരുത്താനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മോശമായി ചിത്രീകരിക്കാന്‍ സോഷ്യല്‍ മീഡിയയെയും ചില മാധ്യമങ്ങളെയും യുഡിഎഫ് ആയുധമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ താന്‍ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചാണ് അതില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളും ജനക്ഷേമ നടപടികളുമാണ് താന്‍ വോട്ടര്‍മാരോട് സംസാരിക്കുന്നതെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പേര് പോലും തന്റെ പ്രസംഗങ്ങളില്‍ പറയാറില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
മതമോ ജാതിയോ വര്‍ഗീയതയോ പറഞ്ഞല്ല പേരാമ്പ്രയില്‍ ഇടതുപക്ഷം വിജയിക്കാറുള്ളതെന്ന് ടി പി രാമകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. പരാതികള്‍ പരിശോധിക്കുന്നതിനോടും തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിക്കുന്നതിനോടും തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇതിനുമുന്‍പ് മൂന്ന് തവണ ഇവിടെ മല്‍സരിച്ചിട്ടുണ്ട്. തനിക്ക് മുന്‍പ് മല്‍സരിച്ചവരും ഇവിടെ ജയിച്ചത് വികസനവും നയങ്ങളും ചര്‍ച്ചയാക്കിയാണ്. അല്ലാതെ മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.