മുംബൈ: അഭിഭാഷകര്‍ ബാര്‍ കൗണ്‍സിലുകളിലെ ജീവനക്കാരല്ലെന്ന് കോടതി. അഭിഭാഷകര്‍ക്കെതിരായ ലൈംഗിക പീഡന പരാതികള്‍ പരിഹരിക്കുന്നതിന് സ്ഥിരമായ പരാതി പരിഹാര സംവിധാനങ്ങള്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎന്‍എസ് വനിതാ ലീഗല്‍ അസോസിയേഷന്‍ 2017 ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഹരജി ബോംബെ ഹൈക്കോടതി തള്ളി.
തൊഴിലുടമജീവനക്കാരന്‍ ബന്ധം നിലനില്‍ക്കുന്നിടത്ത് മാത്രമേ പോഷ് ആക്ട് നിലനില്‍ക്കൂ എന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അലോക് ആരാധെ , ജസ്റ്റിസ് സന്ദീപ് മാര്‍നെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.
'തൊഴിലുടമ-ജീവനക്കാരന്‍ ബന്ധം ഉണ്ടാകുമ്പോള്‍ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണെന്ന് വ്യക്തമാണ്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോ മഹാരാഷ്ട്രയിലെയും ഗോവയിലെയും ബാര്‍ കൗണ്‍സിലോ അഭിഭാഷകരുടെ തൊഴിലുടമകളാണെന്ന് പറയാനാവില്ല.അതിനാല്‍, 2013 ലെ പോഷ് ആക്ട് നിയമത്തിലെ വ്യവസ്ഥകള്‍ അഭിഭാഷകര്‍ക്ക് ബാധകമല്ല, ' കോടതി പറഞ്ഞു.
പോഷ് ആക്ട് നിയമത്തിലെവ്യവസ്ഥകള്‍ അഭിഭാഷകര്‍ക്ക് ബാധകമല്ലെങ്കിലും, ഐസിസി സ്ഥാപിക്കുന്നതിനുള്ള നിയമപരമായ ആവശ്യകത അനുസരിച്ച്, പത്തില്‍ കൂടുതല്‍ ജീവനക്കാരുണ്ടെങ്കില്‍, ബാര്‍ കൗണ്‍സിലുകളിലെയോ ബാര്‍ അസോസിയേഷനുകളിലെയോ ജീവനക്കാര്‍ക്ക് അവ ഇപ്പോഴും ബാധകമാകുമെന്നും കോടതി വ്യക്തമാക്കി. 1961ലെ അഭിഭാഷക നിയമപ്രകാരം മോശം പെരുമാറ്റത്തിന് പരാതി നല്‍കാന്‍ അവര്‍ക്ക് അവകാശമുണ്ട്.
നിയമത്തിലെ സെക്ഷന്‍ 6 പ്രകാരം, ജില്ലാ മജിസ്‌ട്രേറ്റുമാരുടെയോ കളക്ടര്‍മാരുടെയോ അധ്യക്ഷതയില്‍ എല്ലാ ജില്ലകളിലും ലോക്കല്‍ കമ്മിറ്റികള്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്ന് ബിസിഎംജിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മിലിന്ദ് സാത്തേ കോടതിയെ അറിയിച്ചിരുന്നു.
1961 ലെ അഡ്വക്കേറ്റ്‌സ് ആക്ടിന്റെ സെക്ഷന്‍ 35 ഉം മിലിന്ദ് സാത്തേ പരാമര്‍ശിച്ചു. വനിതാ അഭിഭാഷക ഉള്‍പ്പെടെ ഏതൊരു വ്യക്തിക്കും ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ അല്ലെങ്കില്‍ മറ്റ് മോശം പെരുമാറ്റത്തിന് സംസ്ഥാന ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കാന്‍ ഇത് അനുവദിക്കുന്നു.ഈ സംവിധാനങ്ങളുടെ വെളിച്ചത്തില്‍, ജീവനക്കാരല്ലാത്ത അഭിഭാഷകര്‍ക്കായി ബാര്‍ കൗണ്‍സിലുകളില്‍ ഐസിസികള്‍ സ്ഥാപിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി പൊതുതാല്‍പര്യ ഹരജി തീര്‍പ്പാക്കിയത്.

