സിപിഎം നേതാവ് എ കെ ബാലന് എതിരെ വക്കീല്‍ നോട്ടിസ്

Update: 2026-01-07 10:39 GMT

തിരുവനന്തപുരം: സിപിഎം നേതാവ് എ കെ ബാലന് എതിരെ വക്കീല്‍ നോട്ടിസ് അയച്ച് ജമാഅത്തെ ഇസ്ലാമി. കലാപത്തിന് ശ്രമിച്ചു എന്ന പ്രസ്താവന പിന്‍വലിച്ച് എ കെ ബാലന്‍ മാപ്പ് പറയണമെന്നാണ് നോട്ടിസിലെ ആവശ്യം. ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്നും നോട്ടിസില്‍ പറയുന്നു.

ജമാത്തത്തെ ഇസ്ലാമി സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂര്‍, അഡ്വക്കറ്റ് അമീന്‍ ഹസന്‍ വഴിയാണ് എ കെ ബാലന് വക്കീല്‍ നോട്ടിസ് അയച്ചത്.ഒരു കോടി രൂപ നഷ്ട പരിഹാരവും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടിട്ടുണ്ട്.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്നും അപ്പോള്‍ പല മാറാടുകളും ആവര്‍ത്തിക്കുമെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. 'ഒന്നാം മാറാട്, രണ്ടാം മാറാട്, തലശ്ശേരി കലാപത്തിന്റെ സമയങ്ങളില്‍ അവര്‍ നോക്കി നിന്നു. അവിടെ ജീവന്‍ കൊടുത്ത് നേരിട്ട പ്രസ്ഥാനമാണ് എന്റേത്. ജമാഅത്തെ ഇസ്ലാമിയെക്കാള്‍ വലിയ വര്‍ഗീയതയാണ് ലീഗ് പറയുന്നത്', എന്നായിരുന്നു എ കെ ബാലന്റെ പരാമര്‍ശം.


Tags: