അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച അത്തോളിയില്‍
ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദിലാണ് സംസ്‌കാരം
കോഴിക്കോട്: ശനിയാഴ്ച അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് ആറിന് നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയില്‍ക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് നടക്കുക. ചൊവ്വാഴ്ച രാവിലെ വരെ മൃതദേഹം കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ സൂക്ഷിക്കും. ചൊവ്വാഴ്ച രാവിലെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗണ്‍ഹാളിലും തലക്കുളത്തൂരിലും മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് തലക്കുളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.
അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കാനത്തില്‍ ജമീല ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി മുഹമ്മദ് റിയാസ്, എം കെ രാഘവന്‍ എംപി, കെ കെ രമ എംഎല്‍എ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച കാനത്തില്‍ ജമീല 2021ല്‍ കൊയിലാണ്ടിയില്‍ നിന്നാണ് നിയമസഭയിലേക്കെത്തിയത്.
എംഎല്‍എയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് അര്‍ബുദ രോഗം പിടിപെടുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമായി ചികില്‍സ തുടര്‍ന്നു. ചികില്‍സയുടെ ഇടവേളകളില്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ പരിപാടികളില്‍ സജീവമായിരുന്നു കാനത്തില്‍ ജമീല. 1995ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പിലാണ് കാനത്തില്‍ ജമീല ആദ്യമായി ജനവിധി തേടുന്നത്. അന്ന് തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായി. കെ അബ്ദുറഹ്‌മാനാണ് ഭര്‍ത്താവ്. ഐറിജ് റഹ്‌മാന്‍, അനുജ സുഹൈബ് എന്നിവരാണ് മക്കള്‍.