വഖ്ഫ് സ്വത്തുക്കള്‍ UMEED പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 5 ന് അവസാനിക്കും, ആവര്‍ത്തിച്ച് കിരണ്‍ റിജിജു
ന്യൂഡല്‍ഹി: വഖ്ഫ് സ്വത്തുക്കള്‍ യുഎംഇഡി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 5 ന് അവസാനിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രകാര്യ മന്ത്രി. എംപിമാര്‍, വഖഫ് ബോര്‍ഡുകള്‍, സമുദായ സംഘടനകള്‍ എന്നിവരുടെ നിരന്തര ആവശ്യങ്ങള്‍ക്കിടയിലും തീരുമാനം അന്തിമമായിരിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം UMEED പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സമയപരിധി നീട്ടാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. സമയം നീട്ടലിനായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
'ന്യൂനപക്ഷകാര്യ മന്ത്രി എന്ന നിലയില്‍, വഖഫ് ബോര്‍ഡുകളില്‍ നിന്നും പങ്കാളികളില്‍ നിന്നും ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് നിരവധി അഭ്യര്‍ത്ഥനകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. നിയമത്തില്‍ വിവരിച്ചിരിക്കുന്ന നടപടിക്രമം അനുസരിച്ച് പങ്കാളികള്‍ക്ക് വഖ്ഫ് ട്രൈബ്യൂണലിനെ സമീപിക്കാം. രാജ്യത്തുടനീളമുള്ള സുതാര്യത, ഉത്തരവാദിത്തം, വഖ്ഫ് മാനേജ്മെന്റ് എന്നിവ ശക്തിപ്പെടുത്തുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്' മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വഖ്ഫ് സ്വത്തുക്കള്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഗുരുതര പ്രതിസന്ധിയുണ്ടെന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു. രജിസ്ട്രേഷന്‍ സമയപരിധി അവസാനിക്കാനിരിക്കെയാണ് പോര്‍ട്ടലിലെ സാങ്കേതിക തകരാറുകളും നടപടിക്രമത്തിലെ അവ്യക്തതകളും വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്നത്തോടൊപ്പം ഉമീദ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. പോര്‍ട്ടലിലെ ആശയക്കുഴപ്പം വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുമോ എന്ന ആശങ്കക്കും ഇടയാക്കിയിട്ടുണ്ടെന്ന് വിവിധ മുസ് ലിം സംഘടനകള്‍ പറയുന്നു.
വഖഫ് ഭേദഗതി നിയമത്തോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഉമീദ് പോര്‍ട്ടല്‍ നടപ്പിലാക്കിയത്. ഈ മാസം അഞ്ചിനകം സ്വത്തുകളുടെ സമഗ്ര വിവരങ്ങളും അനുബന്ധ രേഖകളും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശമുണ്ട്. രജിസ്ട്രേഷന്‍ അധികാരം സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കി സമയം നീട്ടണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
