ഉത്തരാഖണ്ഡില്‍ വീണ്ടും മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു; യാത്രക്കാര്‍ ദുരിതത്തില്‍
ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍-ഋഷികേശ് റെയില്‍ പാതയില്‍ കാളി മന്ദിറിന് സമീപം വീണ്ടും മണ്ണിടിച്ചില്‍. ട്രാക്കില്‍ നിര്‍മ്മിച്ച ഇരുമ്പ് ഘടനയിലേക്ക് കുന്നില്‍ നിന്ന് വലിയ കല്ലുകള്‍ വീഴുകയായിരുന്നു. ഇതോടെ നിരവധി ട്രെയിനുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ട്രാക്കില്‍ നിന്ന് മണ്ണും കല്ലും നീക്കം ചെയ്യുന്നത് പുരാഗമിക്കുകയാണ്.
രാജസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്ന് പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാഹചര്യമുണ്ട്. നദികളും അരുവികളും കരകവിഞ്ഞൊഴുകിയതിനാല്‍ ഉദയ്പൂര്‍, സലംബര്‍, ജലോര്‍, ദുന്‍ഗര്‍പൂര്‍, സിരോഹി, ബാര്‍മര്‍, ജയ്‌സാല്‍മര്‍, ബലോത്ര എന്നീ എട്ടുജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
പഞ്ചാബിലെ 23 ജില്ലകളിലായി ഏകദേശം 2000 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. 12 ജില്ലകളിലായി 46 പേര്‍ക്ക് വെള്ളപ്പൊക്കത്തിലും മഴയിലും ജീവന്‍ നഷ്ടപ്പെട്ടു. ഹതിനി കുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഥുരയിലെ വൃന്ദാവനത്തിലെ സ്ഥിതി കൂടുതല്‍ വഷളായി. രാധ വല്ലഭ ക്ഷേത്രം വെള്ളത്തിനടിയിലായി. ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ നിന്ന് 100 മീറ്റര്‍ അകലെ വെള്ളപ്പൊക്കം ഒഴുകിയെത്തുന്നു. സംസ്ഥാനത്ത് ഇതുവരെ 644.9 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
ഹിമാചല്‍ പ്രദേശില്‍ രണ്ടുദേശീയ പാതകള്‍ ഉള്‍പ്പെടെ 824 റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. ഈ റോഡുകളില്‍ ഭൂരിഭാഗവും 10 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ സീസണില്‍ സംസ്ഥാനത്ത് സാധാരണയേക്കാള്‍ 45% കൂടുതല്‍ മഴ ലഭിച്ചു. ജൂണ്‍ ഒന്നിനും സെപ്റ്റംബര്‍ ഏഴിനും ഇടയില്‍ സാധാരണ ലഭിക്കുന്ന മഴ എന്നത് 652.1 മില്ലിമീറ്ററാണ്, എന്നാല്‍ ഇത്തവണ 948.5 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.
