മനുഷ്യത്വമില്ലാതെ ബുള്‍ഡോസറുകള്‍ ഇറക്കുന്നത് സംഘപരിവാര്‍ നരേറ്റീവുകള്‍ക്ക് വളം വച്ചുകൊടുക്കലാണ്: വിസ്ഡം
കോഴിക്കോട്: കര്‍ണാടകയിലെ ഫക്കീര്‍ കോളനിയിലും വസീം നഗറിലും നടന്ന കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ജനാധിപത്യ ബോധമുള്ളവരെയെല്ലാം ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍. സംഘപരിവാര്‍ ഭരണകൂടങ്ങള്‍ ന്യൂനപക്ഷങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയുമെല്ലാം 'ബുള്‍ഡോസര്‍ രാജ്' വഴി വേട്ടയാടുമ്പോള്‍, അതിനെതിരേ രാജ്യം വലിയ പ്രതീക്ഷയോടെ കാണുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടികള്‍ ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഇതിനെയാണ് രാഷ്ട്രീയ ജാഗ്രതയുടെ അഭാവം എന്ന് വിളിക്കുന്നത്.
സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, മനുഷ്യത്വപരമായ പരിഗണനയില്ലാതെ ബുള്‍ഡോസറുകള്‍ ഇറക്കുന്നത് സംഘപരിവാര്‍ നരേറ്റീവുകള്‍ക്ക് വളം വച്ചുകൊടുക്കലാണ്. കോണ്‍ഗ്രസിനെ അടിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് വടി കൊടുത്തതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് തന്നെയാണന്ന് പറയേണ്ടി വരും. കോണ്‍ഗ്രസിന് ഭരണമുള്ള സംസ്ഥാനങ്ങളുടെ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന് പ്രത്യേക ശ്രദ്ധയും ജാഗ്രതയും ഇപ്പോഴുമില്ലെങ്കില്‍ എത്രമേല്‍ അപകടമാണ്. ഇത് സര്‍ക്കാര്‍ ഭൂമിയാണെങ്കില്‍ വര്‍ഷങ്ങളോളം അവിടെ ആളുകള്‍ താമസിച്ചപ്പോള്‍ അധികാരികള്‍ എവിടെയായിരുന്നു? അവര്‍ക്ക് ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും വൈദ്യുതി കണക്ഷനും നല്‍കിയത് പ്രാദേശിക ഭരണകൂടങ്ങളല്ലേ? നിയമവിരുദ്ധമാണെങ്കില്‍ അത് തുടക്കത്തിലേ തടയണമായിരുന്നു. എല്ലാം സമ്പാദിച്ച് അവിടെ ജീവിതം കെട്ടിപ്പടുത്ത ശേഷം ഇറക്കിവിടുന്നത് മനുഷ്യാവകാശ ലംഘനമാണ്.
ഡി കെ ശിവകുമാറിന്റെ വിശദീകരണത്തില്‍ പുനരധിവാസത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും, കിടപ്പാടം തകര്‍ക്കുന്നതിന് മുന്‍പ് തന്നെ അര്‍ഹരായവര്‍ക്ക് കൃത്യമായ പകരം സംവിധാനങ്ങള്‍ ഒരുക്കേണ്ടതായിരുന്നു. അവിടെ താമസിച്ചിരുന്നത് മുസ്‌ലിങ്ങള്‍ മാത്രമാണെന്നും ഇതൊരു മുസ്‌ലിം വേട്ടയാണെന്നും ചിത്രീകരിച്ച് കോണ്‍ഗ്രസിനെ 'സംഘി' എന്ന് വിളിക്കുന്നത് ദുരുദ്ദേശപരമാണന്നും പറയാതെ വയ്യ. ഏതെങ്കിലും കേസില്‍ പ്രതി ചേര്‍ക്കപ്പെടുമ്പോഴേക്കും ന്യായമോ അന്യായമോ നോക്കാതെ മുസ്‌ലിമാണെങ്കില്‍ പ്രതിയുടെ വീട് തകര്‍ക്കുന്ന യു പി മോഡല്‍ ബുള്‍ഡോസര്‍ രാജിലേക്ക് ഈ സംഭവത്തെ സമീകരിക്കുന്നതും നീതിയുക്തമല്ല.
സംഘപരിവാറിനെതിരേ രാജ്യത്ത് ഒരു മതേതര മുന്നേറ്റം കെട്ടിപ്പടുക്കാന്‍ സാധ്യതയുള്ള കോണ്‍ഗ്രസിനെ പോലെയുള്ള പ്രസ്ഥാനങ്ങളെ പാടെ തള്ളിക്കളയുന്നതോ 'സംഘി' ചാപ്പയടിക്കുന്നതോ ശരിയല്ല. അത് ബിജെപി വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന, വിദ്വേഷപ്രചാരകര്‍ക്കെതിരേ നിയമം പാസാക്കിയ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ സംഘപരിവാര്‍ വിരുദ്ധ നീക്കങ്ങളാണ് മതേതര ഇന്ത്യ പ്രതീക്ഷിക്കുന്നത്. സംഘപരിവാര്‍ ചെയ്യുമ്പോള്‍ മനുഷ്യാവകാശ ലംഘനമെന്നും കോണ്‍ഗ്രസ് ചെയ്യുമ്പോള്‍ വികസനമെന്നും പറയുന്നത് ഇരട്ടത്താപ്പാണ്. ഭരിക്കുന്നത് ആരായാലും നീതിയും മാനുഷിക മൂല്യങ്ങളും ഒരുപോലെ സംരക്ഷിക്കപ്പെടണം. കോണ്‍ഗ്രസ് നേതൃത്വം ഇതിനെ ന്യായീകരിക്കുകയല്ല, മറിച്ച് തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് വ്യക്തമാക്കി.

