നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

Update: 2025-03-08 13:06 GMT

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപോര്‍ട്ട്. ജില്ലാ പഞ്ചായത്ത് പ്രസിസന്റായിരുന്ന പി പി ദിവ്യ, നവീന്‍ ബാബുവിന് എതിരെ ഉന്നയിച്ചത് തെളിവില്ലാത്ത ആരോപണമാണ്. നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യ എത്തിയത് ആസൂത്രിതമായിട്ടാണെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

യാത്രയയപ്പ് യോഗത്തിനു മുന്‍പായി ദിവ്യ കലക്ടറെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. യോഗത്തിലേക്കു വരേണ്ടതില്ലെന്നാണു കലക്ടര്‍ ദിവ്യയോടു പറഞ്ഞിരുന്നത്. എന്നാല്‍ കലക്ടറുടെ അഭിപ്രായം മറികടന്നു യോഗത്തില്‍ ദിവ്യ പങ്കെടുക്കുകയായിരുന്നു. നവീന്‍ ബാബുവിനെതിരെ ആരോപണം ഉന്നയിക്കണമെന്ന് ആലോചിച്ച് ഉറപ്പിച്ചാണ് ദിവ്യ യോഗത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ന്ന് ഇത് വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. വിഡിയോ ചിത്രീകരിച്ച കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ മൊഴിയും ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ശേഖരിച്ചിരുന്നു. യോഗത്തിനു ശേഷം വീഡിയോ എടുത്ത വ്യക്തിയുമായി ദിവ്യ സംസാരിക്കുകയും വിഡിയോ കൈപ്പറ്റുകയും ചെയ്തുവെന്നാണ് ഇവര്‍ മൊഴി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.