ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

Update: 2025-09-23 13:10 GMT

ന്യൂഡല്‍ഹി: ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. വിജ്ഞാന്‍ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പുരസ്‌കാരം സമ്മാനിച്ചത്. മോഹന്‍ലാലിനെ ലാലേട്ടന്‍ എന്നാണ് വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു വിശേഷിപ്പിച്ചത്. പത്തുലക്ഷം രൂപയും സ്വര്‍ണകമല്‍ മുദ്രയും ഫലകവുമാണ് ബഹുമതി.

അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ''മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരം...ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താന്‍ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. എന്റെ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ''-ലാല്‍ പറഞ്ഞു. 2004ല്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ച് രണ്ടുപതിറ്റാണ്ടിന് ശേഷമാണ് ഈ ദേശീയ ബഹുമതി മലയാള സിനിമയിലേക്കെത്തുന്നത്.