ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം: നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞു
കൊച്ചി: ഐടി ജീവനക്കാരനെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു എന്ന കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ലക്ഷ്മി മേനോന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. കേസിലെ മൂന്നാംപ്രതിയാണ് നടി. കേസിലെ മറ്റ് പ്രതികളായ അനീഷ്, മിഥുന്‍, സോനമോള്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.
തനിക്കെതിരേ നല്‍കിയ പരാതി തെറ്റാണെന്ന് ലക്ഷ്മി മേനോന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പറയുന്നു. പരാതിക്കാരന്‍ ബാറില്‍വെച്ച് തനിക്കെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയെന്നും അസഭ്യം പറഞ്ഞുവെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, ബാറില്‍നിന്ന് ഇറങ്ങിയശേഷം പരാതിക്കാരന്‍ തന്നെ മറ്റൊരു കാറില്‍ പിന്തുടര്‍ന്നിരുന്നു എന്നും അവര്‍ ഹരജിയില്‍ ആരോപിച്ചു.
ആഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചിയിലെ ഒരു ബാറില്‍വെച്ച് ലക്ഷ്മി മേനോനും സംഘവും ഐടി ജീവനക്കാരനും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. പിന്നാലെ ഇയാളും സുഹൃത്തുക്കളും അവിടെനിന്ന് കാറുമായി ഇറങ്ങി. പിന്നാലെ നടിയും കൂടെ ഉണ്ടായിരുന്നവരും ഈ കാര്‍ തടഞ്ഞ് ബഹളമുണ്ടാക്കുകയും ഐടി ജീവനക്കാരനെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി മറ്റൊരു വണ്ടിയില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു.
വാഹനത്തിനുള്ളില്‍വെച്ച് ലക്ഷ്മിയുടെ കൂട്ടാളികള്‍ ക്രൂരമായി മര്‍ദിക്കുകയും വഴിയില്‍ എവിടെയോ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് ഐടി ജീവനക്കാരന്‍ നല്‍കിയിരിക്കുന്ന പരാതി. അതേസമയം, അറസ്റ്റിലായ സോനമോള്‍ ഐടി ജീവനക്കാരനൊപ്പം ഉണ്ടായിരുന്ന ഒരാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. അയാള്‍ മദ്യക്കുപ്പി എറിഞ്ഞ് പരിക്കേല്‍പിച്ചു എന്നാണ് സോനമോളുടെ പരാതി.
