ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളിലൂടെയും ഗെയിമുകളിലൂടെയും നഷ്ടമായത് ലക്ഷങ്ങള്‍; ജീവനൊടുക്കി യുവാക്കള്‍
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളുടെയും ഗെയിമുകളുടെയും ചതിക്കുഴിയില്‍ വീണ് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മൂന്ന് യുവാക്കള്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലും മധ്യപ്രദേശിലുമാണ് സംഭവം.
സംഗറെഡ്ഡിയില്‍ ഒരു ലക്ഷം രൂപ ബെറ്റിംഗിലൂടെ നഷ്ടമായ മനംനൊന്ത് 18 വയസ്സുകാരനായ വിക്രം കീടനാശിനി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സമാനമായ മറ്റൊരു സംഭവത്തില്‍ ഹൈദരാബാദിലെ ടാക്‌സി ഡ്രൈവറായ പാലഡുഗു സായി എന്ന 24-കാരന്‍ 15 ലക്ഷം രൂപയുടെ കടബാധ്യതയെത്തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓണ്‍ലൈന്‍ ബെറ്റിംഗിന് അടിമയായിരുന്ന സായി ബാങ്ക് ലോണുകള്‍ക്ക് പുറമെ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വന്‍തുക കടം വാങ്ങിയിരുന്നു. ഈ പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാലിലാണ് മൂന്നാമത്തെ സംഭവം. ദ32 വയസ്സുകാരനായ സിവില്‍ കോണ്‍ട്രാക്ടര്‍ 'ഏവിയേറ്റര്‍' എന്ന ഓണ്‍ലൈന്‍ ഗെയിമിലൂടെ ഏകദേശം 30 ലക്ഷം രൂപയാണ് നഷ്ടപ്പെടുത്തിയത്. കളി തുടരാനായി പലരില്‍ നിന്നും പണം കടം വാങ്ങി. ഒടുക്കം കടബാധ്യതയില്‍ ഭയന്ന് ആഥ്മഹത്യ ചെയ്യുകയായിരുന്നു.