ലേബര്‍ കോഡുകള്‍ തൊഴിലാളി വിരുദ്ധം: ശക്തമായ പ്രതിഷേധമുയരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിപല്‍ക്കരമായ വ്യവസ്ഥകളടങ്ങുന്ന ലേബര്‍ കോഡുകള്‍ക്കെതിരേ തൊഴിലാളി വര്‍ഗ്ഗം ഒന്നടങ്കം ശബ്ദമുയര്‍ത്തിയിട്ടും അതിനോട് മുഖം തിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളി സംഘടനകളില്‍ നിന്നും രൂക്ഷമായ എതിര്‍പ്പുയര്‍ന്നിട്ടും അതിനോട് പ്രതികരിക്കാന്‍ കേന്ദ്രം തയ്യാറാവുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2015നു ശേഷം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കാനോ ത്രികക്ഷി ചര്‍ച്ചകള്‍ നടത്താനോ തയ്യാകാതെ തികച്ചും തൊഴിലാളി വിരുദ്ധ സമീപനങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ലേബര്‍ കോഡില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കാനുള്ള നടപടികള്‍ പോലും സ്വീകരിച്ചുമില്ല.
തൊഴില്‍ സുരക്ഷിതത്വങ്ങള്‍ കവരാനും തൊഴിലാളികളുടെ സംഘടിത വിലപേശല്‍ ശേഷിയെ ദുര്‍ബ്ബലമാക്കാനുമാണ് ലേബര്‍ കോഡുകള്‍ വഴി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ലേബര്‍ കോഡുകളെ ഒറ്റക്കെട്ടായി എതിര്‍ക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം ലേബര്‍ കോഡുകള്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രതിഷേധമുയരേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. ലേബര്‍ കോഡുകള്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതിനെതിരെ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ജനങ്ങളുടെ പിന്തുണ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
