കുഴല്‍പ്പണം കവരാന്‍ പോലിസുകാരെ സഹായിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
കല്‍പ്പറ്റ: കുഴല്‍പ്പണം തട്ടിയെടുക്കാന്‍ പോലിസുകാരെ സഹായിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വൈത്തിരി സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെ കുഴല്‍പ്പണം പിടികൂടി പൂഴ്ത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വൈത്തിരി വട്ടവയല്‍ ആനോത്തുവീട്ടില്‍ എ എം റിയാസ് (41) ആണ് അറസ്റ്റിലായത്. കേസിലെ ഒന്നാംപ്രതിയായ എസ്എച്ച്ഒ അനില്‍കുമാറില്‍നിന്ന് റിയാസ് പണം കൈപറ്റിയെന്നും കണ്ടെത്തി. സെപ്റ്റംബര്‍ 15ന് ചുണ്ടേലില്‍വെച്ചാണ് പോലിസ് കുഴല്‍പ്പണമായ 3,37,500 രൂപ പിടികൂടിയത്. മലപ്പുറം സ്വദേശികള്‍ക്ക് കൈമാറാനായി ചുണ്ടേല്‍ സ്വദേശിയായ യുവാവ് കൊണ്ടുവന്ന പണമായിരുന്നു ഇത്. ഈ പണമിടപാടിനെക്കുറിച്ച് വിവരം നല്‍കിയതും കവര്‍ച്ചയ്ക്ക് പോലിസിനെ സഹായിച്ചതും റിയാസാണെന്നാണ് കണ്ടെത്തല്‍. എസ്എച്ച്ഒ അനില്‍കുമാറിനെ കൂടാതെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരും കേസില്‍ ഉള്‍പ്പെട്ടവരാണ്. നാല് പോലീസ് ഉദ്യോഗസ്ഥരെയും നേരത്തേതന്നെ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരമേഖലാ ഐജി സസ്പെന്‍ഡ് ചെയ്തിരുന്നു.