കുവൈത്ത്-യുഎഇ സുരക്ഷാ സഹകരണം ശക്തം; നാടുകടത്തപ്പെട്ടവര്‍ക്ക് ഇരുരാജ്യങ്ങളിലും പ്രവേശന വിലക്ക്

Update: 2025-12-11 10:05 GMT

കുവൈത്ത് സിറ്റി: ദേശീയ സുരക്ഷയും സാങ്കേതിക സഹകരണവും ശക്തിപ്പെടുത്തുന്നതിനായി കുവൈത്തും യുഎഇയും നടപ്പാക്കിയ സംയുക്ത പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി, കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെടുന്ന വിദേശികളുടെ വിരലടയാളങ്ങളും തിരിച്ചറിയല്‍ വിവരങ്ങളും യുഎഇ ആഭ്യന്തര മന്ത്രാലയവുമായി തല്‍സമയം ബന്ധിപ്പിക്കുന്ന പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായി. ഈ സംവിധാനം പ്രാബല്യത്തില്‍ വന്നതോടെ, നാടുകടത്തപ്പെട്ടവര്‍ക്ക് ഇരു രാജ്യങ്ങളിലുമുള്ള പ്രവേശന വിലക്ക് സ്വമേധയാ ബാധകമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ നിരീക്ഷണത്തിലും അതിര്‍ത്തി നിയന്ത്രണത്തിലും ഇത് വലിയ മുന്നേറ്റമാണെന്ന് അധികൃതര്‍ അറിയിച്ചു.

വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍സ് പ്രോജക്റ്റിന്റെ നടപ്പാക്കലും ട്രാഫിക് സേവനങ്ങള്‍ക്ക് ഏകീകൃത സാങ്കേതിക സംവിധാനങ്ങളുടെ പ്രവര്‍ത്തനവും പൂര്‍ത്തിയായതോടെ, കുവൈത്ത്-യുഎഇ സുരക്ഷാ സഹകരണം പുതിയ ഘട്ടത്തിലേക്ക് കടന്നതായി മന്ത്രാലയത്തിന്റെ റിപോര്‍ട്ട് വ്യക്തമാക്കുന്നു. സംയുക്ത കണക്റ്റിവിറ്റി പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന എട്ടാം ഏകോപന യോഗത്തില്‍ കുവൈത്ത്-യുഎഇ സാങ്കേതിക സംഘങ്ങള്‍ പങ്കെടുത്തു. ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ അതീഖി നേതൃത്വം നല്‍കിയ യോഗത്തില്‍ ഭാവി ഘട്ടങ്ങള്‍, ഡാറ്റ കൈമാറ്റ വേഗത, പ്രവര്‍ത്തനങ്ങളുടെ ഏകീകരണം എന്നിവ വിശദമായി ചര്‍ച്ചചെയ്തു.

സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രതിനിധി സംഘം സുബാന്‍ മേഖലയിലെ ആഭ്യന്തര മന്ത്രാലയ ഓപ്പറേഷന്‍സ് റൂം സന്ദര്‍ശിക്കുകയും ആധുനിക സുരക്ഷാ നിരീക്ഷണവും ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളും പരിശോധിക്കുകയും ചെയ്തു. പുതിയ പദ്ധതികള്‍ പ്രാബല്യത്തില്‍ വന്നതോടെ ഇരുരാജ്യങ്ങളുടെയും സുരക്ഷാ ശൃംഖല കൂടുതല്‍ ഏകീകരിക്കപ്പെടുകയും, പ്രദേശിക സുരക്ഷയെ ദീര്‍ഘകാലം ശക്തിപ്പെടുത്തുന്ന പങ്കാളിത്തത്തിനുള്ള വഴിയൊരുങ്ങുകയുമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രതീക്ഷിക്കുന്നു.

Tags: