കുവൈത്ത് വിഷമദ്യദുരന്തം: ഇന്ത്യക്കാരന്‍ അടക്കമുള്ള പ്രതികള്‍ അറസ്റ്റില്‍

Update: 2025-08-17 10:36 GMT

കുവൈത്ത് സിറ്റി: മലയാളി ഉള്‍പ്പെടെ 23 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. ഇന്ത്യക്കാരന്‍ അടക്കമുള്ള സംഘമാണ് പിടിയിലായത്. നേപ്പാളി പൗരനായ ഭൂബന്‍ ലാല്‍ തമാംഗിനെ സാല്‍മിയയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മെഥനോള്‍ കലര്‍ന്ന മദ്യശേഖരം ഇയാളുടെ പക്കല്‍ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇന്ത്യക്കാരന്‍ വിശാല്‍ ധന്യാല്‍ ചൗഹാനും നേപ്പാളി പൗരന്‍ നാരായണ്‍ പ്രസാദ് ഭശ്യാലും വ്യാജമദ്യ നിര്‍മാണ വിതരണ ശൃംഖലയുടെ നേതാവായ ബംഗ്ലാദേശി പൗരന്‍ ദെലോറ പ്രകാശ് ദാരാജും പിടിയിലായത്. വിഷമദ്യ ദുരന്തത്തില്‍ 21 പേര്‍ക്ക് കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. 160 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ പത്തു പേരുടെ നില ഗുരുതരമാണ്.

കുവൈത്തിലെ ഗവര്‍ണറേറ്റുകളിലുടനീളം നടത്തിയ റെയ്ഡുകളില്‍ പ്രാദേശിക മദ്യനിര്‍മാണ വിതരണത്തില്‍ ഉള്‍പ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തു. റസിഡന്‍ഷ്യല്‍, വ്യാവസായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നാല് മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ അടക്കം ആകെ പത്ത് മദ്യനിര്‍മാണ കേന്ദ്രങ്ങള്‍ റെയ്ഡുകള്‍ക്കിടെ കണ്ടെത്തി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകള്‍ അന്വേഷിക്കുന്ന 34 പേരെ കൂടി റെയ്ഡുകള്‍ക്കിടെ പിടികൂടാനായെന്ന് പോലിസ് അറിയിച്ചു.