മാറ്റമില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്; വെള്ളിയാഴ്ചയും വൈകി

Update: 2024-06-15 07:04 GMT

കുവൈത്ത് സിറ്റി: കുവൈത്ത് കോഴിക്കോട് വിമാനയാത്രക്കാരുടെ ദുരിതം തുടരുന്നു. വെള്ളിയാഴ്ചയും വിമാനം മണിക്കൂറുകള്‍ വൈകി. ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനം രാത്രി ഒമ്പതിന് പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച വിവരം. സാങ്കേതിക പ്രശ്‌നമാണ് വെള്ളിയാഴ്ചയും യാത്ര പുറപ്പെടാന്‍ വൈകുന്നതിന് കാരണമായി അധികൃതര്‍ വ്യക്തമാക്കിയത്.

അവധിയും പെരുന്നാളും കണക്കിലെടുത്ത് നാട്ടിലേക്ക് തിരിച്ച സ്ത്രീകളും കുട്ടികളും അടക്കം വിമാനത്തില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. യാത്ര വൈകിയത് ഇവരെ ദുരിതത്തിലാക്കി. അടിയന്തിരമായി നാട്ടില്‍ എത്തേണ്ടവര്‍ക്കും വിമാനം വൈകിയത് തിരിച്ചടിയായി. വ്യാഴാഴ്ച കുവൈത്തില്‍ നിന്നു കോഴിക്കോട്ടേക്കുമുള്ള വിമാനം യാത്രക്കാരെ മണിക്കൂറുകള്‍ വട്ടംകറക്കിയിരുന്നു. വിമാനത്തില്‍ യാത്രക്കാര്‍ കയറി മൂന്നു മണിക്കൂറിനുശേഷം യാത്ര റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. പുറപ്പെടുന്നതിനായി റണ്‍വേയിലേക്ക് നീങ്ങിയ വിമാനം ഉടന്‍ നിര്‍ത്തുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷവും പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ യാത്രക്കാരെ ഹോട്ടല്‍ മുറിയിലേക്ക് മാറ്റി. ഇവരെ വെള്ളിയാഴ്ച വൈകീട്ട് ആറിനുള്ള വിമാനത്തില്‍ നാട്ടില്‍ എത്തിക്കും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാത്രി 12നുള്ള കൊച്ചി വിമാനത്തില്‍ ഇവരെ കോഴിക്കോട്ടെത്തിച്ചു.

കുവൈത്തില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് മണിക്കൂറുകള്‍ വൈകിയിരുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് നേരിട്ട് സര്‍വിസ് നടത്തുന്നത് എന്നതിനാല്‍ മലബാര്‍ പ്രവാസികളാണ് വലിയ ദുരിതം നേരിടുന്നത്.

Tags: