യുകെയില്‍ മലയാളി വയോധിക മരിച്ചു

Update: 2025-09-19 02:04 GMT

കുറ്റ്യാടി: പേരക്കുട്ടികളെ പരിചരിക്കാന്‍ യുകെയില്‍ പോയ വയോധിക മരിച്ചു. വേളം ചെറുകുന്നിലെ പരേതനായ കാഞ്ഞിരോറ ചോയിയുടെ ഭാര്യ ചന്ദ്രിയാണ് (63) സതാംപ്ടണില്‍ മരിച്ചത്. സതാംപ്ടണില്‍ ഉള്ള മകന്‍ സുമിത്തിന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതിനായി മൂന്നുമാസം മുന്‍പ് യുകെയില്‍ എത്തിയ ചന്ദ്രി നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ 15നാണ് മരിച്ചത്. സതാംപ്ടണ്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടുപോയി സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍, മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രയാസപ്പെടുകയാണ് കുടുംബം. യുകെയിലേക്ക് വന്നപ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാത്തതിനാല്‍ ആശുപത്രിയില്‍ 5,000 പൗണ്ടിന്റെ ബില്ല് (5,97,226 രൂപ) അടയ്ക്കാനുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ചെലവും കുടുംബം വഹിക്കണം. സുമിത് ടെസ്‌കോ വെയര്‍ ഹൗസിലും ഭാര്യ ജോയ്സ് കെയറര്‍ ആയും ആണ് ജോലി ചെയ്യുന്നത്. ചന്ദ്രിയുടെ മറ്റു മക്കള്‍ സന്ദീപ് (ഒമാന്‍), സുശാന്ത്.