കുറ്റ്യാടി ചുരത്തില്‍ ഗതാഗതം നിരോധിച്ചു

Update: 2025-07-17 02:03 GMT

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ കണക്കിലെടുത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിഞ്ഞത്. തുടര്‍ന്ന് ചുരത്തിലൂടെ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍പ്പൊട്ടി. ഉരുള്‍പൊട്ടലുണ്ടായത് ജനവാസമേഖലയിലല്ല. ദേശീയപാത 766 കോഴിക്കോട് കൊല്ലഗല്‍ റോഡില്‍ ഈങ്ങാപ്പുഴയില്‍ റോഡില്‍ വെള്ളം കയറി.

പശുക്കടവ് പുഴയിലും കടന്തറ പുഴയിലും മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയോരത്തുള്ളതും മണ്ണിടിച്ചല്‍ സാധ്യതയുള്ളതുമായ 15 കുടുംബങ്ങളെ ഷെല്‍ട്ടറിലേക്ക് മാറ്റി താമസിപ്പിച്ചു. മരുതോങ്കര കാവിലുംപാറ മേഖലകളില്‍ ശക്തമായ മഴ തുടരുന്നു.

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിര്‍ദേശം നല്‍കി. അത്യാവശ്യ വാഹനങ്ങള്‍ക്കു മാത്രമേ ചുരം റോഡുകളില്‍ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല. പ്രദേശത്ത് പോലിസ് പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.