കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് പഞ്ചായത്ത് അധികൃതര്‍

Update: 2026-04-12 13:14 GMT

തിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹരേഖയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കൂടുതല്‍ അന്വേഷണം. സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയില്‍ വിശദീകരണവുമായി വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്ത് അധികൃതര്‍. ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് യഥാര്‍ഥമെന്ന് ബോധ്യപ്പെട്ടിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ പോലിസിന് മൊഴി നല്‍കി. പൂവാര്‍ പോലിസ് നാളെ ഡിജിപിക്ക് റിപോര്‍ട്ട് കൈമാറും.

പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ നേതൃത്വം നല്‍കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം തുടങ്ങിയവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആര്‍ക്കെതിരെയും ഉടന്‍ കേസെടുത്തേക്കില്ല. വിഷയത്തില്‍ വിശദമായ പരിശോധനകള്‍ക്കും എഡിജിപിയുടെ റിപോര്‍ട്ടിനും ശേഷമേ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയുള്ളൂ. തിരുവനന്തപുരത്ത് വെച്ച് നടന്ന വിവാഹത്തില്‍ ആധാര്‍ അടക്കമുള്ള രേഖകള്‍ പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന വിശ്വാസത്തിലാണ് ചടങ്ങുകള്‍ നടത്തിയതെന്നാണ് അന്ന് നല്‍കിയിരുന്ന വിശദീകരണം.

ദേശീയ പട്ടികഗ്ഗ കമ്മീഷന്റെ കണ്ടെത്തല്‍ പ്രകാരം, വിവാഹ സമയത്ത് പെണ്‍കുട്ടിക്ക് 16 വയസ് മാത്രമായിരുന്നു പ്രായം. മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ പ്രകാരം 2009 ഡിസംബര്‍ 30നാണ് കുട്ടി ജനിച്ചത്. ഈ കണ്ടെത്തല്‍ വസ്തുതാപരമാണെന്ന് തെളിഞ്ഞാല്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കും, വിവാഹത്തിന് നേതൃത്വം നല്‍കിയവര്‍ക്കുമെതിരേ പോക്സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേരള പോലിസിന് കേസെടുക്കേണ്ടി വരും. ഏപ്രില്‍ 22ന് മുന്‍പായി കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും, നേരിട്ട് ഹാജരാകാനും കേരളത്തിലെയും മധ്യപ്രദേശിലെയും പോലിസ് മേധാവികള്‍ക്ക് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.