മണിപ്പൂര്‍ കലാപത്തില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായ കുക്കി യുവതി മരിച്ചു

Update: 2026-01-18 06:14 GMT

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിനിരയായ കുക്കി യുവതി മരിച്ചു. 2023 മേയില്‍ മെയ്‌തേയ്, കുക്കി വിഭാഗക്കാര്‍ തമ്മില്‍ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇംഫാലില്‍വച്ച് 20 വയസ്സുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. ഈ അതിക്രമത്തെത്തുടര്‍ന്നുണ്ടായ ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ മൂലം ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

ഇംഫാലില്‍ നിന്നാണ് യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ നാലുപേര്‍ ചേര്‍ന്ന് ഒരു ബൊലേറോ കാറില്‍ കയറ്റി കൊണ്ടുപോവുകയും മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കുന്നിന്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട യുവതി അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് അവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. കലാപം രൂക്ഷമായിരുന്നതിനാല്‍ രണ്ടു മാസത്തിന് ശേഷം ജൂലൈ 21നാണ് പോലിസില്‍ പരാതി നല്‍കാന്‍ സാധിച്ചത്.

അതിക്രമത്തെത്തുടര്‍ന്ന് യുവതിക്ക് ഗുരുതരമായ ശാരീരിക പരിക്കുകളും മാനസിക ആഘാതവും ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഗുവാഹത്തിയില്‍ ചികില്‍സയിലായിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചില്ല. സംഭവത്തിന് മുമ്പ് വളരെ സന്തോഷവതിയായിരുന്ന തന്റെ മകള്‍, ആ ക്രൂരതയ്ക്ക് ശേഷം ചിരിക്കാന്‍ പോലും മറന്നുപോയെന്ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതികരിച്ചു. യുവതിക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും കുക്കി സംഘടനയായ ഐടിഎല്‍എഫ് ആവശ്യപ്പെട്ടു. മണിപ്പൂരിലെ കലാപത്തില്‍ ഇതുവരെ 260ലധികം ആളുകള്‍ കൊല്ലപ്പെടുകയും 50,000ത്തോളം പേര്‍ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.

Tags: