കെടെറ്റ് ഡിസംബര്‍ സെഷന്‍: അപേക്ഷകള്‍ ക്ഷണിച്ചു; രജിസ്‌ട്രേഷന്‍ ഡിസംബര്‍ 30 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍തലം വരെയുള്ള ക്ലാസുകളിലേക്കുള്ള അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെടെറ്റ്) ഡിസംബര്‍ സെഷനിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. കേരള പരീക്ഷാഭവനാണ് പരീക്ഷയുടെ നടത്തിപ്പിന് ചുമതല. 2025 ഡിസംബര്‍ 22നാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഡിസംബര്‍ 30 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനും ഫൈനല്‍ പ്രിന്റ് എടുക്കാനും അവസരം. കാറ്റഗറി 1 മുതല്‍ 1V വരെ നാലു വിഭാഗങ്ങളിലായി പരീക്ഷ 2026 ഫെബ്രുവരിയിലാണ് നടത്തുക. അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു. ഒരിക്കല്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ പിന്നീട് തിരുത്തലുകള്‍ അനുവദിക്കില്ല. അപേക്ഷാഫീസ് 500 രൂപയാണ്. പട്ടികജാതി/പട്ടികവര്‍ഗം വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 250 രൂപ മാത്രം അടച്ചാല്‍ മതിയാകും.
ഹാള്‍ടിക്കറ്റ് 2026 ഫെബ്രുവരി 11ന് ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും. രണ്ടു ദിവസങ്ങളിലായി, രാവിലെയും ഉച്ചയ്ക്കുശേഷവുമായി പരീക്ഷ നടത്തും. കാറ്റഗറി 1, 1v പരീക്ഷകള്‍ ഫെബ്രുവരി 21 ശനിയാഴ്ചയും കാറ്റഗറി മൂന്ന് നാല് പരീക്ഷകള്‍ ഫെബ്രുവരി 23 തിങ്കളാഴ്ചയുമാണ് നടക്കുക. എല്ലാ പരീക്ഷകളുടെയും ദൈര്‍ഘ്യം രണ്ടര മണിക്കൂറാണ്. പരീക്ഷാകേന്ദ്രത്തിന്റെ വിശദാംശങ്ങള്‍ അഡ്മിറ്റ് കാര്‍ഡില്‍ ഉള്‍പ്പെടുത്തും.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒന്നിലധികം കാറ്റഗറികള്‍ എഴുതുന്നതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.
അപേക്ഷ ഓണ്‍ലൈനായി മാത്രം സമര്‍പ്പിക്കണം, പ്രിന്റൗട്ടോ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളോ പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല.
പേര്, ജനനതിയ്യതി, വിദ്യാഭ്യാസ യോഗ്യത, കാറ്റഗറി, ഭിന്നശേഷി സംവരണം തുടങ്ങിയ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണം.
അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോയില്‍ പേര് അല്ലെങ്കില്‍ ഫോട്ടോ എടുത്ത തിയ്യതി രേഖപ്പെടുത്തേണ്ടതില്ല.
അപ്ലിക്കേഷന്‍ നമ്പറും ഐഡിയും തുടര്‍ നടപടികള്‍ക്കായി സൂക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനം പരിശോധിക്കണമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു.

