തിരൂര്‍: മലയാളം സര്‍വ്വകലാശാലയുടെ ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഒരു നയാ പൈസയുടെ എങ്കിലും അഴിമതി നടത്തിയെന്ന് തെളിയിക്കാന്‍ മുസ്‌ലിം ലീഗിനെയും യൂത്ത് ലീഗിനെയും വെല്ലുവിളിച്ച് കെ ടി ജലീല്‍. യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസിന് മറുപടി പറഞ്ഞുകൊണ്ട് സിപിഎം തിരൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വകലാശാലക്ക് സ്ഥലം ഏറ്റെടുത്തതും വില നിര്‍ണയിച്ചതും എല്ലാം യുഡിഎഫ് ഭരണകാലത്താണ്. അതില്‍ പ്രധാന പങ്കുവഹിച്ചത് തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിയാണ്. ഇപ്പോള്‍ എടുത്ത സ്ഥലം ആദ്യമായി നിര്‍ദ്ദേശിച്ചതും തരം മാറ്റാന്‍ ഉത്തരവ് നല്‍കിയതും എല്ലാം അദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ്. സര്‍വ്വകലാശാലക്കായി ആദ്യം കണ്ടിരുന്ന സ്ഥലം ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലിന് വേണ്ടി പെട്ടെന്ന് വാങ്ങിയെടുത്തത് ലീഗ് നേതൃത്വവും സി മമ്മുട്ടിയുമാണ്. നിയമസഭയില്‍ 15 എംഎല്‍എമാരുള്ള ലീഗിന് വിഷയം നിയമസഭയില്‍ ഉയര്‍ത്താം. ഭൂമി ഏറ്റെടുത്തതില്‍ അഴിമതി ഉണ്ടെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലീഗോ പി കെ ഫിറോസോ കോടതിയില്‍ പോകണം. എന്റെ മന്ത്രിസ്ഥാനം രാജിവെപ്പിച്ചതിന്റെ ഹുങ്ക് പറയുന്ന ഫിറോസൊക്കെ അതിനാണ് ധൈര്യം കാണിക്കേണ്ടതെന്നും ജലീല്‍ പറഞ്ഞു.