മന്ത്രി ഗണേഷ് കുമാറിനെതിരേ പരാതിയുമായി കെ എസ് യു നേതാവ്
മന്ത്രിക്കും സ്റ്റാഫിനുമെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണ ഡിജിപിക്ക് പരാതി നല്‍കി
കൊല്ലം: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ ആരോപണവുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തിയതിന് പിന്നാലെ പരാതിയുമായി കെ എസ് യു നേതാവ്. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണനാണ് ഗണേഷ് കുമാറിനെതിരേ ഡിജിപിക്ക് പരാതി നല്‍കിയത്. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടതായി പരാതിയില്‍ ആരോപിക്കുന്നു. മന്ത്രിയുടെ ഭാര്യ തന്നെ ഇത് നേരില്‍ കണ്ടതായും തുടര്‍ന്ന് 112ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം. ഗണേഷ് കുമാറും സ്റ്റാഫും ചേര്‍ന്ന് ഭാര്യ ബിന്ദുവിനെ ആക്രമിച്ചെന്നും പരാതി പറയുന്നു. മന്ത്രിക്കും സ്റ്റാഫിനും എതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിനെ വാളകത്തെ വീട്ടില്‍ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെ തെളിവ് തന്റെ കയ്യിലുണ്ടെന്നും ഗണേഷിന്റെ ഭാര്യ ബിന്ദു ഒരു മാധ്യമത്തോട് പറഞ്ഞു. ഗണേഷിന്റെ സന്തത സഹചാരികള്‍ തടഞ്ഞുവെച്ച് മൊബൈല്‍ കൈക്കലാക്കാന്‍ ശ്രമിച്ചുവെന്നും ബിന്ദു പറഞ്ഞു. പോലിസിനെ വിളിച്ചതിനു പിന്നാലെ ആ സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. സ്ത്രീ പോയതിനു പിന്നാലെ ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയും ചെയ്തു. പോലിസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിന്‍വാങ്ങുകയായിരുന്നുവെന്നും ഗണേഷിന്റെ ഭാര്യ ബിന്ദു പറഞ്ഞു.
