കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Update: 2026-02-07 12:22 GMT

തിരുവനന്തപുരം: വെമ്പായം കൊപ്പത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ബസിടിച്ച ബൈക്ക് യാത്രികന്‍ വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രനാ(56)ണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ബൈക്കുകളില്‍ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

35ലധികം ആളുകള്‍ ബസിലുണ്ടായിരുന്നു. കടയില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിയന്ത്രണം വിട്ട ബസ് ഉടനെ ഒരു കാറിലും നിരവധി ബൈക്കുകളിലും ഇടിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബസിടിച്ച ബൈക്ക് യാത്രികന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. അപകടത്തെത്തുടര്‍ന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.