കെഎസ്ഇആര്‍സിയുടെ പുനരുപയോഗ ഊര്‍ജ്ജ റെഗുലേഷന്‍സ് 2025ന് സ്റ്റേ

Update: 2025-11-10 10:08 GMT

കൊച്ചി: 2025ലെ പുനരുപയോഗ ഊര്‍ജ്ജ റെഗുലേഷന്‍സ് ഹൈക്കോടതി അടിയന്തിരമായി സ്റ്റേ ചെയ്തു. റെഗുലേഷന്‍സ് 30 ദിവസത്തേക്ക് പുറത്തിറക്കില്ലെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ച കെഎസ്ഇആര്‍സിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി, വിഷയം അത്യന്തം ഗൗരവതരമാണെന്ന് നിരീക്ഷിച്ചു. അഡ്വ. യശ്വന്ത് ഷേണായി ഹാജരായ ഡൊമസ്റ്റിക് ഓണ്‍ഗ്രിഡ് സോളാര്‍ പ്രൊസ്യൂമേഴ്സ് ഫോറം എന്ന സംഘടനയുടെ ബാനറില്‍ കേരളത്തിലെ സോളാര്‍ ഉപയോക്താക്കള്‍ സമര്‍പ്പിച്ച കേസാണ് കോടതി പരിഗണിച്ചത്. റെഗുലേഷന്‍സ് തിടുക്കത്തില്‍ പുറത്തിറക്കാനുള്ള വ്യഗ്രത സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടര്‍ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ പുതിയ റെഗുലേഷന്‍സിന് ഉടന്‍ അനുവദിക്കുകയും ചെയ്തു.

കെഎസ്ഇആര്‍സി അംഗങ്ങള്‍ക്കെതിരേ 20,000 കോടിയിലധികം രൂപയുടെ വന്‍ അഴിമതിയാണ് കേസ് ആരോപിക്കുന്നത്. പുതിയ പുനരുപയോഗ ഊര്‍ജ്ജ റെഗുലേഷന്‍സ്, പവര്‍ പര്‍ച്ചേസ് എഗ്രിമെന്റുകളുമായി ബന്ധപ്പെട്ട് അവരുടെ ഉന്നതമായ അഴിമതി ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ഒരു മറ മാത്രമാണെന്നും പെറ്റീഷനില്‍ പറയുന്നു.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍, കെഎസ്ഇആര്‍സി അംഗമായ ബി പ്രദീപിനെതിരേ (മുന്‍ കെഎസ്ഇബിഎല്‍ ജീവനക്കാരന്‍) 2022-ല്‍ അന്നത്തെ കെഎസ്ഇബിഎല്‍ സിഎംഡി ബി അശോക് ഐഎഎസ് റിപോര്‍ട്ട് നല്‍കിയിരുന്നു. ബി പ്രദീപിന്റെ നേരിട്ടുള്ള ഇടപെടല്‍ കാരണം ഒരൊറ്റ പവര്‍ പര്‍ച്ചേസ് കരാറുമായി ബന്ധപ്പെട്ട അഴിമതിയില്‍ 6000 ത്തോളം കോടി രൂപയുടെ നഷ്ടം കെഎസ്ഇബി എല്ലിന് ഉണ്ടായതായി ആ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അദ്ദേഹത്തെ കെഎസ്ഇആര്‍സിയില്‍ നിയമിക്കരുതെന്നും ഉടനെത്തന്നെ സമഗ്രമായ സിബിഐ അന്വേഷണം നടത്തണമെന്നും ഈ റിപോര്‍ട്ടില്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ റിപോര്‍ട്ട് അവഗണിക്കുകയും മനപ്പൂര്‍വം മറച്ചുവയ്ക്കുകയും ചെയ്തുകൊണ്ട് മാസങ്ങള്‍ക്കകം സര്‍ക്കാര്‍ ബി പ്രദീപിനെ കെഎസ്ഇആര്‍സിഅംഗമായി നിയമിച്ചു.കെഎസ്ഇബിഎല്ലിലെ 80% ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുന്ന ഇടതുപക്ഷ ഉദ്യോഗസ്ഥ സംഘടനയുടെ പ്രസിഡന്റായിരുന്നു ബി പ്രദീപ്. കെഎസ്ഇബിഎല്‍ ചെയര്‍മാന്റെയും മാനേജിങ് ഡയറക്ടറുടെയും പ്രതികൂല റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും, പാര്‍ട്ടി ബന്ധവും അഴിമതി താല്‍പ്പര്യങ്ങളും പിന്തുടരുന്നതിന് വേണ്ടിയാണ് ബി പ്രദീപിനെ കെഎസ്ഇആര്‍സിയില്‍ നിയമിച്ചതെും പെറ്റീഷന്‍ ചൂണ്ടിക്കാട്ടുന്നു.

Tags: