അപകടത്തില്‍പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച കൃഷ്ണലാലിന്റെ അവയവങ്ങള്‍ ദാനം ചെയ്തു
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച കൃഷ്ണലാലിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുവനന്തപുരം ആനയറ സ്വദേശി എസ് കൃഷ്ണലാലിന്റെ അവയവങ്ങളാണ് ദാനം ചെയ്തത്. അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കൃഷ്ണലാലിന്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കൃഷ്ണലാലിന് മസ്തിഷ്‌കമരണം സംഭവിച്ചത്. ഹൃദയം, രണ്ട് വൃക്കകള്‍, നേത്രപടലങ്ങള്‍, കരള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയവുമായി പുറപ്പെട്ട ആംബുലന്‍സ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ തുടിക്കുന്ന ഹൃദയവുമായി എയര്‍ ആംബുലന്‍സ് പറന്നുയര്‍ന്നു. പോലിസ് പരേഡ് ഗ്രൗണ്ടില്‍ ലാന്‍ഡ് ചെയ്ത ഹെലികോപ്റ്ററില്‍ നിന്ന് ആംബുലന്‍സില്‍ അതിവേഗം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് അരുണിന്റെ ശരീരത്തിലേക്ക് ഹൃദയമാറ്റം നടത്തി. കൃഷ്ണലാലിന്റെ ഹൃദയം കുമരകം സ്വദേശി അരുണില്‍ മിടിച്ചുതുടങ്ങി. കൃഷ്ണലാലിന്റെ ഒരു കിഡ്നി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കുമാണ് ദാനം ചെയ്യുന്നത്.
ഒരുവാതില്‍കോട്ടയില്‍വെച്ച് ഏപ്രില്‍ ഒന്നാം തീയതി നടന്ന അപകടത്തിലാണ് വെല്‍ഡിങ് തൊഴിലാളിയായ കൃഷ്ണലാലിന് ഗുരുതരമായി പരിക്കേറ്റത്. മുപ്പത്തിമൂന്നുകാരനായ കൃഷ്ണലാല്‍ സഞ്ചരിച്ച സൈക്കിളില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. മദ്യപിച്ച് കാറോടിച്ച മെഡിക്കല്‍ കോളേജ് സ്വദേശി പ്രശാന്തിനെതിരേ കര്‍ശന നടപടി വേണമെന്ന് കൃഷ്ണലാലിന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു. കാറില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.