അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി; 'ഞങ്ങള്‍ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്, അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ മറുപടി'; രമേശ് ചെന്നിത്തല
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കള്‍
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയില്‍ നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് നേതാക്കള്‍. നടിയെ ആക്രമിച്ച കേസില്‍ വിധി വായിച്ച ശേഷം മറുപടി പറയും. ഞങ്ങള്‍ എല്ലാ കാലത്തും അതിജീവിതക്കൊപ്പമാണ്. അടൂര്‍ പ്രകാശിന്റേത് വ്യക്തിപരമായ മറുപടി. വിധി വായിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും ഗൂഢാലോചനക്ക് തെളിവ് നല്‍കാന്‍ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അടൂര്‍ പ്രകാശിന്റെ പ്രസ്താവന വ്യക്തിപരമായ പ്രസ്താവനയാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എം എം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കില്‍ അപ്പീല്‍ പോകാമെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവര്‍ക്കും പൂര്‍ണ്ണ തൃപ്തിയുണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. എന്നും എപ്പോഴും അതിജീവിതക്ക് ഒപ്പമെന്നായിരുന്നു വി എം സുധീരന്റെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കലാകാരനെന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായെന്നു പറഞ്ഞ അടൂര്‍ പ്രകാശ് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും വ്യക്തമാക്കി. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം.
