കോഴിക്കോട് ബൈപ്പാസില്‍ പുതുവര്‍ഷം മുതല്‍ ടോള്‍പിരിവ്; നിരക്കുകള്‍ക്ക് അംഗീകാരം
കോഴിക്കോട്: രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസില്‍ പുതുവര്‍ഷം മുതല്‍ ടോള്‍പിരിവ് ആരംഭിക്കും. ടോള്‍ നിരക്കുകള്‍ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചതായി ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം അടുത്ത ദിവസങ്ങളില്‍ പുറത്തിറങ്ങും. വിജ്ഞാപനം പ്രസിദ്ധീകരിച്ചാല്‍ ജനുവരി ഒന്നിനുതന്നെ ടോള്‍പിരിവ് ആരംഭിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.
ഇന്ന് ടോള്‍പ്ലാസയില്‍ ട്രയല്‍ റണ്‍ നടത്തും. പന്തീരാങ്കാവിനടുത്തുള്ള കൂടത്തുംപാറയില്‍ സ്ഥിതി ചെയ്യുന്ന ടോള്‍പ്ലാസ 'ഒളവണ്ണ ടോള്‍പ്ലാസ' എന്ന പേരിലാണ് അറിയപ്പെടുക. ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ള യാത്രക്കാര്‍ക്ക് 340 രൂപ അടച്ച് മാസപാസ് എടുത്താല്‍ ഒരുമാസം മുഴുവന്‍ എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാം. പാസ് തിങ്കളാഴ്ച മുതല്‍ ടോള്‍പ്ലാസയില്‍ നിന്ന് വിതരണം ചെയ്യും. ഇതിനായി ആവശ്യമായ രേഖകള്‍ ഹാജരാക്കണം. നാഷണല്‍ പെര്‍മിറ്റ് ഇല്ലാത്ത കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ആസ്ഥാനമായ 'ഹുളി' എന്ന കമ്പനിക്കാണ് മൂന്നു മാസത്തേക്ക് ടോള്‍പിരിവിന്റെ ചുമതല നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കും. ഒരുവര്‍ഷത്തേക്കായിരിക്കും പുതിയ കരാര്‍ നല്‍കുക. ഇതോടെ ടോള്‍ നിരക്കുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.
ടോള്‍പ്ലാസയില്‍ 24 മണിക്കൂറും ഡോക്ടറുള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാകും. രണ്ട് ആംബുലന്‍സുകള്‍ക്കൊപ്പം, ബൈപ്പാസില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള പ്രത്യേക വാഹനവും സജ്ജമാക്കിയിട്ടുണ്ട്. വാഹനാപകടങ്ങളും നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി പാതയിലുടനീളം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ടോള്‍പ്ലാസയിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക. അപകടമുണ്ടായാല്‍ വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ഉടന്‍ ലഭിക്കുന്ന രീതിയിലാണ് സംവിധാനം.
തലശ്ശേരി-മാഹി ബൈപ്പാസില്‍ തിരുവങ്ങാടുമാത്രമാണ് നിലവില്‍ ടോള്‍പിരിവ് ആരംഭിച്ചിട്ടുള്ളത്. രാമനാട്ടുകര-കുറ്റിപ്പുറം റീച്ചില്‍ വെട്ടിച്ചിറയിലും ടോള്‍പ്ലാസ സജ്ജമായിട്ടുണ്ട്. അഴിയൂര്‍-വെങ്ങളം റീച്ചില്‍ അഴിയൂരിലാണ് മറ്റൊരു ടോള്‍പ്ലാസ കൂടി ഒരുക്കുന്നത്. കോഴിക്കോട് ബൈപ്പാസിലെ ആറുവരിപ്പാത പൂര്‍ണസജ്ജമായി നേരത്തെ തുറന്നുകൊടുത്തിട്ടുണ്ട്. മലാപ്പറമ്പില്‍ രണ്ടാഴ്ചയ്ക്കകം സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയാകും. ഹൈലൈറ്റ് മാളിനും മെട്രോമെഡ് ആശുപത്രിക്കു സമീപത്തും സര്‍വീസ് റോഡിനായി സ്ഥലമേറ്റെടുപ്പ് ബാക്കിയുണ്ട്. ഇതോടൊപ്പം പുഴയ്ക്കു കുറുകെയുള്ള നാലു പാലങ്ങളുടെ വീതികൂട്ടല്‍ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
മാമ്പുഴപ്പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. പൂനെയില്‍ നിന്നു നിര്‍മ്മിച്ച ബീമുകള്‍ ഇവിടെ എത്തിച്ച് സ്ഥാപിക്കുകയാണ്. ദേശീയപാതയില്‍ ഇരുചക്രവാഹനങ്ങള്‍ക്കും മൂന്നുചക്രവാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. പുഴകള്‍ക്കു മുകളിലൂടെ സര്‍വീസ് റോഡുകളില്ലാത്ത ഭാഗങ്ങളില്‍ മാത്രമേ ഇത്തരം വാഹനങ്ങള്‍ക്ക് ആറുവരിപ്പാതയിലൂടെ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അതിവേഗപാതയില്‍ പ്രവേശിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും എന്‍എച്ച്എഐ മുന്നറിയിപ്പ് നല്‍കി.

