കോഴിക്കോട്: ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ മര്‍ദ്ദിച്ചതായി പരാതി. ചേളന്നൂര്‍ എട്ടേരണ്ടില്‍ ദേവദാനി എന്ന ഹോട്ടല്‍ നടത്തുന്ന കൊടുംതാളി മീത്തല്‍ രമേശിനെയാണ് ചിലര്‍ ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ചതെന്ന് പരാതി പറയുന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും പരിക്കേറ്റു. ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് ബിരിയാണി തീര്‍ന്നെന്നു പൊറോട്ടയും കറിയും ഉണ്ടെന്നുമാണ് രമേശന്‍ പറഞ്ഞത്. 'ആനമുട്ടയുണ്ടോ' എന്ന് ചോദിച്ചായിരുന്നു അയാള്‍ മര്‍ദ്ദിച്ചത്. അതേസമയം, കടയില്‍ എത്തിയ തങ്ങളെ രമേശന്‍ ആക്രമിച്ചെന്നാണ് മറുപക്ഷം പറയുന്നത്. രണ്ടു പരാതിയിലും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.