ആര്‍എസ്എസ് ശാഖലയില്‍ പീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവം: പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടുത്താമെന്ന് നിയമോപദേശം

Update: 2025-10-16 12:53 GMT

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗികപീഡനത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ കേസില്‍ പ്രകൃതി വിരുദ്ധ പീഡനം എന്ന വകുപ്പ് ഉള്‍പ്പെടുത്താമെന്ന് പോലിസിന് നിയമോപദേശം. കോട്ടയം സ്വദേശിയായ 26കാരനെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ടൈം സെറ്റ് ചെയ്തുവച്ച വീഡിയോ ഇന്നലെ പുറത്തുവന്നു. ആര്‍എസ്എസ് നേതാവായ നിതീഷ് മുരളീധരനാണ് പീഡിപ്പിച്ചതെന്ന് യുവാവ് പറയുന്ന വീഡിയോയാണ് പുറത്തുവന്നത്. തുടര്‍ന്ന് നിധീഷ് മുരളീധരനെ പോലിസ് അന്വേഷിച്ചുവരുകയാണ്. ഇയാള്‍ ഒളിവിലാണ്. അതേസമയം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിതീഷിന്റെ കട അടിച്ചുതകര്‍ത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വില്‍ക്കുന്ന കടയാണ് തകര്‍ത്തത്. മരണത്തിന് കാരണക്കാരായ മുഴുവന്‍ ആര്‍എസ്എസുകാരെയും അറസ്റ്റ് ചെയ്ത് തുറങ്കലിലടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.