കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ: റമീസ് മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് കുറ്റപത്രം, പ്രണയം തുടരാനാകില്ലെന്ന മനോവിഷമമാണ് ആത്മഹത്യക്ക് കാരണം
കൊച്ചി: കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം തള്ളി പോലിസ്. യുവതിയുടെ കാമുകനായിരുന്ന റമീസ് ബന്ധത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യക്ക് കാരണമെന്ന് പോലിസ് തയ്യാറാക്കിയ കുറ്റപത്രം പറയുന്നു. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തത്. കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാര്‍ഥിനിയും റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു യുവതിയുടെ തീരുമാനം. ഇരുവരുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ റമീസിന്റെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററി യുവതിക്ക് കാണാമായിരുന്നു. യുവതിക്ക് താല്‍പര്യമില്ലാത്ത ചില സെര്‍ച്ച് വാക്കുകള്‍ കണ്ടതാണ് തര്‍ക്കത്തിന് കാരണമായത്. അതിന് പിന്നാലെ റമീസ് അനാശാസ്യത്തിന് പോയെന്ന് യുവതി റമീസിന്റെ പിതാവിനോട് പറഞ്ഞു. ഇത് കേട്ട പിതാവ് റമീസിനെ തല്ലി. അതിനെ തുടര്‍ന്ന് വീടുവിട്ടു പോയ റമീസ് പിന്നീട് യുവതിയോട് സംസാരിച്ചില്ല. നേരത്തെ എല്ലാ ദിവസവും റമീസും യുവതിയും മണിക്കൂറുകളോളം ഫോണില്‍ സംസാരിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുമായിരുന്നു. റമീസിന്റെ അഭാവം യുവതിയെ മാനസിക സംഘര്‍ഷത്തിലാക്കി. ഇതാണ് ആത്മഹത്യയില്‍ എത്തിയത്. പിന്നീട് ചില വര്‍ഗീയ-തല്‍പ്പര കക്ഷികള്‍ സംഭവത്തില്‍ നിര്‍ബന്ധിത പരിവര്‍ത്തനം ആരോപിച്ചു. ഇതാണ് പോലിസിന്റെ വിശദമായ അന്വേഷണത്തിലെ റിപോര്‍ട്ട് പൊളിച്ചത്.