കൂളിമാട് പാലം തകര്‍ന്ന സംഭവം;ജാക്കി പിഴവല്ല,ഉന്നതാന്വേഷണം വേണമെന്നും ഇ ശ്രീധരന്‍

വിദഗ്ദ സംഘത്തിന്റെ അന്വേഷണം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തേക്കാള്‍ പ്രധാനമാണെന്നും ശ്രീധരന്‍ പറഞ്ഞു

Update: 2022-05-24 06:47 GMT

കോഴിക്കോട്:കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം സാങ്കേതിക വിദഗ്ദര്‍ അടങ്ങിയ ഉന്നത സംഘം അന്വേഷിക്കണമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ജാക്കികളുടെ പിഴവാണെങ്കില്‍ ബീമുകള്‍ മലര്‍ന്ന് വീഴില്ല. വിദഗ്ദ സംഘത്തിന്റെ അന്വേഷണം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തേക്കാള്‍ പ്രധാനമാണെന്നും ശ്രീധരന്‍ പറഞ്ഞു.

കൂളിമാട് പാലത്തിലെ അപകടകാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രതകരാര്‍ ആണെന്നും,ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയുണ്ടായിട്ടില്ലെന്നും കിഫ്ബി പറഞ്ഞിരുന്നു. അങ്ങനെ ജാക്കികള്‍ പ്രവര്‍ത്തിക്കായാല്‍ കുത്തനെയാണ് ബീമുകള്‍ വീഴുകയെന്നും,ആ വിശദീകരണം തൃപ്തികരമല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി.ഇത്തരം സംഭവങ്ങളില്‍ ആദ്യം അന്വേഷണം നടത്തേണ്ടത് സാങ്കേതിക വിദഗ്ദരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള എന്‍ജിനീയര്‍മാരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഇ ശ്രീധരന്‍ ആവശ്യപ്പെട്ടു.സ്ഥലം സന്ദര്‍ശിച്ചിട്ടില്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും മെട്രോമാന്‍ പറഞ്ഞു.

അതേസമയം കൂളിമാട് പാലത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ഗുരുതര വീഴ്ചയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പാലം നിര്‍മാണം പുരോഗമിക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്‌സിക്യുട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല.നിര്‍മാണ കരാര്‍ ഏറ്റെടുത്ത ഊരാളുങ്കള്‍ സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്.

ചാലിയാറിന് കുറുകെ നിര്‍മ്മിക്കുന്ന കൂളിമാട് പാലത്തിന്റെ മലപ്പുറം ഭാഗത്തെ ബീമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. 2019 ലാണ് പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് പ്രളയം കാരണം നിര്‍മ്മാണം തടസ്സപ്പെട്ടു. എസ്റ്റിമേറ്റ് പുതുക്കി നല്‍കിയാണ് നിര്‍മ്മാണം ആരംഭിച്ചത്.25 കോടിയുടെ പാലം, നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.പാലം തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Tags: