കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദം; സര്‍ജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു

Update: 2026-03-14 08:38 GMT

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിലെ സമ്മതപത്ര വിവാദത്തിന് പിന്നാലെ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചു. ഓപറേഷന്‍ ദിവസം മാത്രം മെഡിക്കല്‍ കോളജില്‍ എത്തും.

കോന്നി മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി സര്‍ജറി വിഭാഗത്തില്‍ നോട്ടിസ് പതിച്ചതായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു. സമ്മതപത്രം പരസ്യമായി ഒട്ടിച്ചത് താന്‍ അല്ലെന്നും സംഭവത്തില്‍ തികച്ചും നിരപരാധിയാണെന്നായിരുന്നു ഇമെയില്‍ വഴി ശിവപ്രസാദ് നല്‍കിയ മറുപടി.

ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികള്‍ ആശുപത്രിയുടെ അപര്യാപ്തതകള്‍ അറിഞ്ഞിരിക്കണമെന്നും വേണ്ടത്ര ഉപകരണങ്ങളില്ലാത്തത് ജീവഹാനി വരെ ഉണ്ടാക്കാമെന്നുമായിരുന്നു സര്‍ജറി വിഭാഗത്തില്‍ പതിച്ച നോട്ടിസിന്റെ ഉള്ളടക്കം.

സമ്മതപത്രത്തില്‍ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് ഡോക്ടറുടെ നിലപാട്. ഡോക്ടറുടെ സ്വയം വിരമിക്കല്‍ അപേക്ഷയും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്.ഇതിനിടെയാണ് ഡോക്ടര്‍ ശിവപ്രസാദ് അവധിയില്‍ പ്രവേശിച്ചത്.

Tags: