കൊണ്ടോട്ടി താലൂക്ക് ആശുപത്രി പൂര്‍ണ്ണ സജ്ജമാക്കുക;എസ്ഡിപിഐ കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി

ഉദ്യോഗസ്ഥര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം മുണ്ടപ്പലം പറഞ്ഞു

Update: 2022-04-12 09:49 GMT

കൊണ്ടോട്ടി:കൊണ്ടോട്ടി താലൂക്ക് ആശുപത്രി പൂര്‍ണ്ണ സജ്ജമാക്കുക എന്ന ആവശ്യമുന്നയിച്ച് എസ്ഡിപിഐ കൊണ്ടോട്ടി മുനിസിപ്പല്‍ കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി.ഒന്നര വര്‍ഷക്കാലമായി ഈ വിഷയത്തില്‍ സമരങ്ങള്‍ നടക്കുകയാണെന്നും,ഉദ്യോഗസ്ഥര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരമുറകളുമായി മുന്നോട്ട് പോകുമെന്ന് എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം മുണ്ടപ്പലം പറഞ്ഞു.ഒപ്പു ശേഖരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

24 മണിക്കൂര്‍ അത്യാഹിതവിഭാഗം ഉറപ്പ് വരുത്തുക, നിര്‍ത്തിവെച്ചിട്ടുള്ള ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുക, പ്രസവ ചികിത്സയടക്കം എല്ലാ വിഭാഗത്തിലും സ്‌പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സിന്റെ സേവനം ഉറപ്പ് വരുത്തുക, അനുവദിച്ചുകിട്ടിയ ഫണ്ട് കാര്യക്ഷമമായി വിനിയോഗിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനകീയ ഒപ്പുശേഖരണം സംഘടിപ്പിച്ചത്.

മെഡിക്കല്‍ ഒഫീസര്‍ മുതല്‍ സംസ്ഥാന ആരോഗ്യ മന്ത്രി വരെയുള്ളവര്‍ക്ക് നിവേദനവും, മനുഷ്യാവകാശ കമ്മിഷന് പരാതിയും, ആശുപത്രിക്ക് മുന്നില്‍ നിരാഹാരവും, ധര്‍ണയും ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ജനകീയ ഒപ്പ് ശേഖരണവുമായി പാര്‍ട്ടി മുന്നോട്ട് വന്നത്. ശേഖരിച്ച ഒപ്പുകള്‍ ഉള്‍പ്പെടുത്തി ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

മുനിസിപ്പല്‍ സെക്രട്ടറി പി ഇ ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി റഷീദ് മണക്കടവന്‍, ട്രഷറര്‍ അബൂബക്കര്‍ മേലേപറമ്പ്, കമ്മിറ്റി അംഗം ഹസനുല്‍ ബന്ന, റഷീദ് ബാബു,ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags: