മംഗളൂരു: കൊല്ലൂരിലെ സൗപര്‍ണിക നദിയില്‍ മരിച്ചത് വന്യജീവി ഫോട്ടോഗ്രാഫറായ വസുധ ചക്രവര്‍ത്തി(45)യാണെന്ന് പോലിസ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 27ന് ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ വീണെന്ന വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെടുത്തത്.
മാണ്ഡ്യ സ്വദേശിനിയായ വസുധ സ്വയം തിരഞ്ഞെടുത്തതായിരുന്നു കാട്ടിലെ ഏകാന്തവാസവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയും. കോര്‍പ്പറേറ്റ് ബാങ്കിലെ വലിയ ജോലി ഉപേക്ഷിച്ച് തമിഴ്നാട്ടിലെ നീലഗിരിയിലേക്കാണ് വസുധ ജീവിതം പറിച്ചുനട്ടത്. മൈസൂര്‍-ഊട്ടി റോഡില്‍നിന്ന് ഉള്ളോട്ടുള്ള കല്ലട്ടിക്കുന്നിലെ ഏക്കറുകണക്കിനുള്ള കാടിന് നടുവിലുള്ള ഒരു എസ്റ്റേറ്റിലായിരുന്നു വസുധ ദീര്‍ഘകാലം താമസിച്ചിരുന്നത്. കിക്ക് ബോക്സിങ് താരമായ വസുധ കരാട്ടെ ബ്ലാക്ക് ബെല്‍റ്റും നേടിയിരുന്നു.