കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുവീണ സംഭവം; 'റോഡില്‍ പെട്ടെന്ന് വിള്ളല്‍ ഉണ്ടാവുകയായിരുന്നു' സ്‌കൂള്‍ ബസ് ഡ്രൈവര്‍
അടിയന്തരമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്
കൊല്ലം: കൊല്ലം കൊട്ടിയത്ത് നിര്‍മ്മാണം നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണ സംഭവത്തില്‍ പ്രതികരണവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍. വാഹനം ഇറങ്ങി വരുന്ന സമയത്ത് റോഡില്‍ പെട്ടെന്ന് വിള്ളല്‍ വീഴുകയായിരുന്നുവെന്നും, വേഗം ബസ് സൈഡില്‍ ഒതുക്കി കുട്ടികളെ സുരക്ഷിതമായി തൊട്ടടുത്തുള്ള വീട്ടിലേക്കു മാറ്റിയെന്നും സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഷാജി പറഞ്ഞു. 36 ഓളം കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. സമീപത്ത് വയലായതിനാല്‍ വാഹനം കൂടുതല്‍ ഒതുക്കാന്‍ കഴിഞ്ഞില്ലെന്നും ഷാജി പറഞ്ഞു.
ദേശീയപാതയുടെ ഭൂമി ആഴത്തില്‍ വിള്ളല്‍ വന്ന സാഹചര്യത്തിലാണുള്ളത്. വയലുകളാല്‍ ചുറ്റപ്പെട്ട ഭാഗമായതിനാല്‍ അപകടസാധ്യത ഉണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും നിവേദനം അടക്കം നല്‍കിയിരുന്നുവെന്നും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രതികരിച്ചു. ചെളിയും മണ്ണും ഉപയോഗിച്ച് ഫില്‍ ചെയ്യുകയാണെന്നും വയല്‍ ഭാഗമായതു കൊണ്ട്, മണ്ണ് ഇട്ടിട്ടുള്ള പണി നടക്കില്ലെന്നും പില്ലര്‍ വച്ചാല്‍ മാത്രമേ ശരിയാകുകയുള്ളൂ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് സ്ഥലം എംഎല്‍എ ജയലാലിന്റെ പ്രതികരണം.
അതേസമയം, സംഭവം അടിയന്തരമായി അന്വേഷിക്കാന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. ദേശീയ പാത അതോറിറ്റി അധികൃതരില്‍ നിന്ന് വിശദീകരണം തേടാനാണ് നിര്‍ദേശം. എന്താണ് സംഭവിച്ചതെന്ന് സാങ്കേതിക വിദഗ്ദരെ നിയോഗിച്ച് പഠിക്കുമെന്നാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയര്‍മാരും സ്ഥലത്തെത്തി.
സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. സ്‌കൂള്‍ ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ശിവാലയ കണ്‍സ്‌ക്ട്രക്ഷന്‍സിനാണ് ദേശീയപാതയുടെ നിര്‍മാണ ചുമതലയുള്ളത്. കടമ്പാട്ടുകോണം-കൊല്ലം സ്‌ട്രെച്ചിലാണ് അപകടം ഉണ്ടായത്. അതേസമയം, ഈ ഭാഗത്ത് കൂടിയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. തിരുവനന്തപുരം ഭാഗത്തേക്കുള്ള ഒരു വാഹനവും ഈ പ്രദേശത്ത് കൂടെ കടത്തി വിടില്ല. ദേശീയപാതയുടെ ഇരുവശത്തുകൂടിയുള്ള ഗതാഗതവും നിര്‍ത്തിവെച്ചു.
