കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുവീണ സംഭവം; 'ദേശീയപാത അതോറിറ്റിയുടെ ഗുരുതര അനാസ്ഥ'- കെ സി വേണുഗോപാല്‍
കേരളത്തിലെ റോഡുകളില്‍ സേഫ്റ്റി ഓഡിറ്റ് നടത്തണം
കൊല്ലം: കൊല്ലം കൊട്ടിയത്ത് നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നുവീണ സംഭവം ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണെന്ന് കെ സി വേണുഗോപാല്‍ എംപി. ദേശീയപാത അതോറിറ്റി മറുപടി പറയണം. രൂപകല്പനയില്‍ പിഴവുണ്ടായെന്ന് അവര്‍ തന്നെ സമ്മതിച്ചതാണ്. സുരക്ഷ ഓഡിറ്റ് നടത്തുമെന്ന് ഉറപ്പു നല്‍കിയതാണ്. പക്ഷേ, ഒന്നും നടന്നില്ലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴുണ്ടായ സംഭവം.
ദേശീയപാത ദുരന്തപാതയാക്കുകയാണ്. ദേശീയ പാത നിര്‍മാണത്തിനു പിന്നില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. പപ്പടം പൊടിയുന്ന പോലെ റോഡ് പൊടിഞ്ഞു വീഴുകയാണ്. അഴിമതി മൂടി വെക്കാന്‍ സര്‍ക്കാര്‍ കൂട്ട് നില്‍ക്കുകയാണെന്നും ദേശീയപാത അതോറിറ്റിക്ക് എതിരേ പറയുന്നവരെ സംസ്ഥാന സര്‍ക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തുകയാണെന്നും കെ സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ആക്ഷന്‍ ടേക്കന്‍ റിപോര്‍ട്ട് ആവശ്യപ്പെടുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
കേരളത്തിലെ റോഡുകളില്‍ സേഫ്റ്റി ഓഡിറ്റ് നടത്തണം. ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. പ്രധാന നിര്‍മാണ ജോലികള്‍ നടക്കുന്ന ഇടങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരില്ല. എല്ലാം കരാറുകാര്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥര്‍ ദേശീയ പാത നിര്‍മാണം നിരീക്ഷിക്കണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
എന്ത് സുരക്ഷയാണ് നടപ്പാക്കുന്നത്. ദേശീയ പാത അതോറിറ്റി ദുരന്തം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. നാട്ടില്‍ നല്ലൊരു പാത വരാനാണ് നാട്ടുകാര്‍ ബുദ്ധിമുട്ടെല്ലാം സഹിക്കുന്നത്. സ്‌കൂള്‍ ബസ് ഉള്‍പ്പെടെയാണ് കുടുങ്ങിയത്. ചെറുവാഹനങ്ങളാണ് സര്‍വീസ് റോഡുകളെ ആശ്രയിക്കുന്നത്. ജനങ്ങളുടെ ജീവന്റെ വില കണക്കിലെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അവരെ സുരക്ഷിതമാക്കണമെന്നും അദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പ് റോഡ് ഉദ്ഘാടനം ചെയ്യുക മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യം. തെറ്റ് ചൂണ്ടി കാണിക്കുന്നവരെ സര്‍ക്കാര്‍ ആക്രമിക്കുകയാണ് ചെയ്യുന്നതെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.
