കൊല്ലം ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂര പാളി അടര്‍ന്നുവീണു
കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികില്‍സയിലായിരുന്ന രോഗിയുടെ ശരീരത്തിലേക്ക് സിമന്റ് പാളി അടര്‍ന്നുവീണു. ശൂരനാട് കാഞ്ഞിരംവിള സ്വദേശിയായ ശ്യാമി (39)യുടെ ശരീരത്തിലേക്കാണ് മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണത്. ഒന്നാം നിലയില്‍ ഓപ്പറേഷന്‍ തിയേറ്ററിനോടു ചേര്‍ന്ന രോഗികള്‍ക്ക് വേണ്ടി ഒരുക്കിയ വാര്‍ഡില്‍ ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.
ബൈക്കപകടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വൈകിട്ട് മൂന്നു മണിയോടെ വാര്‍ഡിലേക്ക് മാറ്റിയ ശ്യാമി കിടക്കയില്‍ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. ഒരു വശത്തേക്ക് മാറിക്കിടന്നതിനാല്‍ മുഖത്ത് അവശിഷ്ടങ്ങള്‍ പതിക്കാതെയും പരിക്കേല്‍ക്കാതെയും രക്ഷപ്പെടുകയായിരുന്നു. അടുത്ത കിടക്കയില്‍ കിടന്നിരുന്ന ഇരവിപുരം സ്വദേശി മണിയന്റെ ശരീരത്തിലേക്കും സിമന്റ് പാളിയുടെ ഭാഗങ്ങള്‍ വീണു. സംഭവവിവരം അറിഞ്ഞതോടെ ആശുപത്രി ജീവനക്കാര്‍ സ്ഥലത്തെത്തി അടര്‍ന്നുവീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. തുടര്‍ന്ന് രോഗിയെ മറ്റൊരു കിടക്കയിലേക്ക് മാറ്റുകയും അപകടസാധ്യതയുണ്ടായിരുന്ന ഭാഗത്ത് നിന്ന് മറ്റു കിടക്കകളും നീക്കുകയും ചെയ്തു.
അതേസമയം, ആശുപത്രിയില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുമ്പോഴും നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന ബ്ലോക്ക് ഉള്‍പ്പെടെയുള്ള പഴയ കെട്ടിടങ്ങളില്‍ ഗുരുതരമായ സുരക്ഷാഭീഷണി നിലനില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നു. സണ്‍ഷേഡ് പാളികള്‍ ഇളകിവീഴാന്‍ സാധ്യതയുള്ളതിനാല്‍ വാതിലുകള്‍ തുറക്കരുതെന്ന നോട്ടിസുകള്‍ ആശുപത്രിയുടെ പല ഭാഗങ്ങളിലായി ഒട്ടിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി നടന്ന അപകടം ആശുപത്രിയിലുളള രോഗികളിലും കൂട്ടിരിപ്പുകാരിലും വലിയ ആശങ്കയും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്.