കൊല്‍ക്കത്ത കൂട്ടബലാല്‍സംഗം; അന്വേഷണത്തില്‍ തൃപ്തയെന്ന് അതിജീവിത

Update: 2025-07-10 07:58 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്ത പോലിസിന്റെ അന്വേഷണത്തില്‍ തൃപ്തയെന്ന് കൊല്‍ക്കത്ത ബലാല്‍സംഗക്കേസിലെ അതിജീവിത. ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം അവരുടെ അഭിഭാഷകന്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിനിടെയാണ് സത്യവാങ്മൂലം പുറത്തുവന്നത്.

ജൂണ്‍ 25നാണ് 24 കാരിയായ നിയമ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിന് ഇരയായത്.കൊല്‍ക്കത്ത പോലിസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച ബിജെപി വസ്തുതാന്വേഷണ സംഘം, കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്നു.രേഖാമൂലമുള്ള പരാതിയില്‍ നല്‍കിയ പ്രതികളുടെ പേരുകള്‍ മായ്ച്ചുമാറ്റി പകരം ജെ, ജി, എസ്, എം എന്നീ അക്ഷരങ്ങള്‍ ചേര്‍ത്തതായും നാലംഗ സംഘം ആരോപിച്ചു.

കേസില്‍ ഇതുവരെ കോളജിലെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കോളേജിലെ മുന്‍ വിദ്യാര്‍ഥിയായ മോണോജിത് മിശ്രയാണ് പ്രധാന പ്രതി. സീനിയര്‍ വിദ്യാര്‍ഥികളായ പ്രോമിത് മുഖര്‍ജി, സായിബ് അഹമ്മദ് ,സുരക്ഷാ ഉദ്യോഗസ്ഥന്‍ പിനാകി ബാനര്‍ജി എന്നിവരാണ് അറസ്റ്റിലായത്.

Tags: