'സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയം'; ആശുപത്രി ആക്രമണത്തില്‍ കല്‍ക്കട്ട ഹൈക്കോടതി

Update: 2024-08-16 09:47 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിയില്‍ ബുധനാഴ്ച വൈകീട്ടും വ്യാഴാഴ്ച പുലര്‍ച്ചെയുമായി ഉണ്ടായ ആക്രാമണത്തിന് കാരണം സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയമാണെന്ന് കല്‍ക്കട്ട ഹൈക്കോടതി. ആഗസ്ത് ഒമ്പതിന് ആശുപത്രിയില്‍ ദാരുണമായ ബലാല്‍സംഗത്തിനും വേദിയായിരുന്നു. ഇത് പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ കലഹങ്ങള്‍ക്കും കാരണമായി. വ്യാഴാഴ്ച 'റീ ക്ലെയിം ദി നൈറ്റ്' പ്രസ്ഥാനം ഉള്‍പ്പെടെ, ജനക്കൂട്ടം പോലിസുമായി ഏറ്റുമുട്ടുകയും ആശുപത്രി നശിപ്പിക്കുകയും ചെയ്തു.

    ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കാനുള്ള സംസ്ഥാനത്തിന്റെ കഴിവിനെ കോടതി ചോദ്യം ചെയ്തു. ഇത്തരം സംഭവങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതായി കോടതി ഊന്നിപ്പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും ആത്മവീര്യത്തെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുമെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. മെഡിക്കല്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനം കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയാണ് ഹൈക്കോടതിയുടെ വിമര്‍ശനം ഉയര്‍ത്തിക്കാട്ടുന്നത്. അക്രമമോ ഭീഷണിയോ ഭയക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെട്ടു.

Tags: