കൈയ്യേറ്റമെന്നാരോപിച്ച് 200 വര്‍ഷം പഴക്കമുള്ള കുരിശ് പൊളിച്ചുമാറ്റാനുള്ള നടപടി; കോടതിയെ സമീപിച്ച് കോലി സമൂഹം
മുംബൈ: ചേരി പുനര്‍വികസനപദ്ധതി പ്രകാരം, കൈയ്യേറ്റമെന്നാരോപിച്ച് 200 വര്‍ഷം പഴക്കമുള്ള കുരിശ് പൊളിച്ചുമാറ്റുന്ന നടപടിക്കതെിരേ ബാന്ദ്രയിലെ കോലി സമൂഹം. പദ്ധതിയില്‍ മിറാക്കിള്‍ ക്രോസ് എന്ന പുണ്യസ്ഥലം ഉള്‍പെട്ടതിനെതിരേ മിറാക്കിള്‍ ക്രോസ് അസോസിയേഷന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ ആദ്യ വാദം കേള്‍ക്കല്‍ ജൂണ്‍ 26 ന് നടന്നു.
അടുത്തിടെ 200ാം വാര്‍ഷികം ആഘോഷിച്ച മിറക്കിള്‍ ക്രോസ് 3,000 ചതുരശ്ര അടി വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രദേശവാസികള്‍ക്ക്, പ്രത്യേകിച്ച് കോലി സമൂഹത്തിന് ആ സ്ഥലവുമായി ആഴത്തിലുള്ള വൈകാരികവും ആത്മീയവുമായ ബന്ധമാണുള്ളത്. വിവിധ മതങ്ങളില്‍ നിന്നുള്ള ആളുകള്‍ ഇവിടം സന്ദര്‍ശിക്കുകയും രോഗശാന്തി തേടുകയും ചെയ്യുന്നു.
എംഎച്ച്എഡിഎ, ബിഎംസി, എസ്ആര്‍എ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ചേരി പുനരധിവാസ (എസ്ആര്‍എ) പദ്ധതിയില്‍ കുരിശും പ്രാര്‍ഥനാ ഹാളും തെറ്റായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് താമസക്കാര്‍ ആരോപിക്കുന്നു. ഇതൊരു ചേരിയല്ലെന്നും, കടല്‍ത്തീരത്തേക്ക് അഭിമുഖമായുള്ള വിലയേറിയ ഭൂമിയുടെ പുനര്‍വികസനത്തില്‍ നിന്ന് സ്വകാര്യ ബില്‍ഡര്‍മാര്‍ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ജൂണ്‍ 26ന് വാദം കേട്ട ഹൈക്കോടതി നിലവില്‍ പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള പൊളിക്കലോ കുടിയൊഴിപ്പിക്കലോ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ഉത്തരവിട്ടു. വീടോ ബിസിനസ്സോ അല്ലാത്ത ഒരു മതസ്ഥലം എങ്ങനെയാണ് എസ്ആര്‍എ പദ്ധതിയുടെ ഭാഗമാകുന്നതെന്ന് ജഡ്ജിമാര്‍ ചോദിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കോടതിയില്‍ നിന്ന് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ, പൊളിച്ചുമാറ്റലോ കുടിയൊഴിപ്പിക്കലോ നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്. അടുത്ത വാദം കേള്‍ക്കല്‍ ജൂലൈ 9 ന് നടക്കും.
