കൊടകര കുഴൽപ്പണക്കേസ്; വിചാരണ പിഎംഎൽഎ കോടതിയിലേക്ക് മാറ്റാൻ നീക്കം

Update: 2025-12-06 03:50 GMT

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസിന്റെ വിചാരണ ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍നിന്ന് പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്) പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കം തുടങ്ങി. തുടര്‍നടപടികള്‍ പിഎംഎല്‍എ കോടതിയിലേക്ക് മാറ്റുന്നതിന് അനുമതി തേടുന്ന ഹരജി ഇഡിയുടെ കൊച്ചി മേഖലാ ഓഫിസ് ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹരജി ഇന്ന് പരിഗണിക്കും.

കൊടകര പോലിസാണ് കേസില്‍ പ്രാഥമിക അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട കോടതിയില്‍ വിചാരണ പുരോഗമിക്കുന്നത്. അതേസമയം, കേസില്‍ ഇഡിയും അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപോര്‍ട്ട് പിഎംഎല്‍എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കുഴല്‍പ്പണക്കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കില്ലെന്നായിരുന്നു ഇഡിയുടെ റിപോര്‍ട്ട്.

എന്നാല്‍ പണം കവര്‍ന്നതില്‍ തട്ടിപ്പുസംഘാംഗങ്ങളുണ്ട്. ഇവരെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണ റിപോര്‍ട്ട് പിഎംഎല്‍എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ തുടര്‍ വിചാരണ അവിടെയാണ് നടത്തേണ്ടതെന്നാണ് ഇഡി ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ പിഎംഎല്‍എ കോടതിയിലാണ് നടത്തേണ്ടതെന്ന സുപ്രിംകോടതി വിധികള്‍ ചൂണ്ടിക്കാണിച്ചാണ് ഹരജി നല്‍കിയിരിക്കുന്നത്.

Tags: