കൊച്ചിയില്‍ നിര്‍മ്മിച്ച 'ഐഎന്‍എസ് മാഹി' നാവികസേനക്ക് കൈമാറി

Update: 2025-10-24 09:40 GMT

കൊച്ചി: തദ്ദേശീയമായി രൂപകല്‍പന ചെയ്ത ഐഎന്‍എസ് മാഹി' അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് ഔദ്യോഗികമായി കൈമാറി. കൊച്ചി കപ്പല്‍ശാല (സിഎസ്എല്‍) നാവികസേനയ്ക്കായി നിര്‍മ്മിക്കുന്ന എട്ട് കപ്പലുകളില്‍ ആദ്യത്തേതാണിത്.

കപ്പല്‍ ഡെറ്റ് നോസ്‌കെ വെരിറ്റസ് (ഡിഎന്‍വി) എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് രൂപകല്‍പനയും നിര്‍മ്മാണവും പൂര്‍ത്തിയാക്കിയത്. 78 മീറ്റര്‍ നീളമുള്ള ഈ യുദ്ധകപ്പല്‍, രാജ്യത്ത് ഇതുവരെ നിര്‍മ്മിച്ചവയില്‍ ഏറ്റവും വലിയ ഡീസല്‍ എന്‍ജിന്‍ വാട്ടര്‍ജെറ്റ് സംവിധാനമുള്ള പടക്കപ്പലാണ്. മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത കൈവരിക്കാനുള്ള ശേഷിയുമുണ്ട്.

സമുദ്രാന്തര്‍വാഹിനികളുടെ സാന്നിധ്യം കണ്ടെത്തല്‍, തിരച്ചില്‍രക്ഷാ ദൗത്യങ്ങള്‍, തീരരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിപുലമായ മാരിറ്റൈം ഓപ്പറേഷനുകള്‍ക്ക് ഈ കപ്പല്‍ വന്‍ പിന്തുണ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊച്ചി കപ്പല്‍ശാലയില്‍ നടന്ന കൈമാറ്റചടങ്ങില്‍ സിഎസ്എല്‍ ഡയറക്ടര്‍ ഡോ. എസ് ഹരികൃഷ്ണന്‍, ഐഎന്‍എസ് മാഹിയുടെ കമാന്‍ഡിങ് ഓഫിസര്‍ അമിത് ചന്ദ്ര ചൗബെ, റിയര്‍ അഡ്മിറല്‍ ആര്‍ ആദി ശ്രീനിവാസന്‍, കമാന്‍ഡര്‍ അനൂപ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: