കാസര്‍കോട്: 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തിലെ പ്രചരണത്തിനിടെ എതിര്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച എല്‍ഡിഎഫിന്റെ എം വി നികേഷ് കുമാറിനെ കിണറ്റില്‍ ഇറക്കിയത് താനാണെന്ന് മുസ് ലിം ലീഗ് നേതാവ് കെ എം ഷാജി. ചാനലുകളില്‍ പണിയെടുക്കുകയും കൂലി എകെജി സെന്ററില്‍നിന്ന് വാങ്ങുകയും ചെയ്യുന്ന ഒരുവിഭാഗം മാധ്യമപ്രവര്‍ത്തകര്‍ കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയില്‍ മുസ് ലിം ലീഗ് ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോണിങ് വാക്ക്, നൂണ്‍ വാക്ക് എന്നൊക്കെ പറഞ്ഞ് അന്ന് ആകെ ബഹളമായിരുന്നു. തിരഞ്ഞെടുപ്പിന്റെ ഒരു മര്യാദയുമില്ലാതെയാണ് അന്ന് നികേഷ് നടന്നത്. അതുകൊണ്ട് ഒന്ന് ശരിയാക്കിയതാണ്. അവിടെ നിന്ന ആളുകളെ കൊണ്ട് നികേഷിനെ കിണറ്റിലിറക്കിയത് താനാണെന്നും അതില്‍ ഇറങ്ങിയാല്‍ ട്രെന്‍ഡാകുമെന്ന് പറഞ്ഞതോടെ നികേഷ് ഇറങ്ങിയെന്നും ഷാജി പറയുന്നു. പൊട്ടനായത് കൊണ്ടാണ് ഇറങ്ങിയതെന്നും അല്ലെങ്കില്‍ ആരെങ്കിലും വെള്ളമെടുക്കാന്‍ കിണറ്റിലിറങ്ങിക്കണ്ടിട്ടുണ്ടോയെന്നും ഷാജി ചോദിക്കുന്നു. മണിക്കൂറുകള്‍ക്കകം അതേ കിണറ്റിലെ വെള്ളം കുടിച്ച് അടുത്ത വിഡിയോ ഷാജി അന്ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ചാനലിനകത്തുനിന്ന് പുറത്തിറങ്ങി, കാഞ്ഞങ്ങാട്ട് ഒരു സ്റ്റേജ് കെട്ടി പരസ്യമായി സംവാദം നടത്താം. തന്റെ നാവില്‍നിന്ന് ഏതെങ്കിലും മതത്തെ ആക്ഷേപിക്കുന്ന ഒരു വാക്ക് വന്നുവെന്ന് തെളിയിച്ചാല്‍ പരസ്യമായി മാപ്പുചോദിക്കാമെന്നും ഷാജി മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചു. തന്റെ വീട് റെയ്ഡ് ചെയ്തതിനെക്കുറിച്ചും 25 ലക്ഷം രൂപ പിടിച്ചെടുത്തതിനെക്കുറിച്ചും വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകര്‍, പോലിസ് ആ പണം തിരികെ ഏല്‍പ്പിച്ച കാര്യം പുറത്തുപറഞ്ഞില്ലെന്നും ഷാജി വിമര്‍ശിച്ചു.
തന്നെ കുമ്മനം ഷാജിയെന്നും മോദി ഭക്തനെന്നും മുസ് ലിം വര്‍ഗീയവാദിയെന്നും പണ്ഡിതന്മാരെ ചീത്ത പറയുന്നവനെന്നും വിളിച്ച് ആക്ഷേപിച്ചു. റൂഹ് പോകുന്നതുവരെ നെറികേടുകള്‍ക്കെതിരേ സംസാരിച്ചുകൊണ്ടിരിക്കും. ഞങ്ങളുടെ നട്ടെല്ല് വളയുകയില്ല. ഞങ്ങള്‍ക്ക് ആവേശം ഒളിവിലിരുന്ന എകെജിയില്‍നിന്നല്ല, പകരം നെഞ്ചുവിരിച്ച സി എച്ച് മുഹമ്മദ് കോയയില്‍നിന്നാണെന്നും ഷാജി പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന് ഭരണം പോയപ്പോള്‍ അവിടത്തെ ആളുകള്‍ ഇവിടത്തെ ഹോട്ടലുകളില്‍ പാത്രം കഴുകാന്‍ വരേണ്ടിവന്നു. അതിനായുള്ള ട്രെയിനിങ് നടത്തിയതാണ് എം എ ബേബിയെന്നും അദ്ദേഹം പരിഹസിച്ചു.
കെ എം ഷാജിയുടെ പ്രസംഗത്തിലെ ഭാഗങ്ങള്‍
എടോ ഞാന്‍ അഴീക്കോട് മല്‍സരിച്ച് 10 കൊല്ലം എംഎല്‍എ ആയിട്ടാണ് രണ്ടാമത് മല്‍സരിക്കാന്‍ നോമിനേഷന്‍ കൊടുത്തത്. തോറ്റു പോയി. പിന്നെ ഏത് കേസിന്റെ പേരിലാണ് ഷാജി എംഎല്‍എ അല്ലാതെ ആയത്? നിങ്ങള്‍ കള്ളക്കേസ് ഉണ്ടാക്കി. കാരണം നികേഷ് കുമാറിനെയാണ് ഞാന്‍ എതിര്‍ത്തത്. ഞാന്‍ കിണറില്‍ ഇറക്കിയതില്‍ അയാള്‍ക്ക് ദേഷ്യമായി. എന്നാല്‍ ഞാന്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഒരു സത്യം ഞാന്‍ പറയട്ടെ, അയാളെ കിണറില്‍ ഇറക്കിയത് ഞാനാണ്. അയാള്‍ ഇറങ്ങിയതല്ല. കാരണം ഇയാള്‍ക്ക് ഒരു ഇലക്ഷന്റെ മര്യാദ ഒന്നുമില്ല. ആകെ ഇടങ്ങാറാക്കി. അവിടെ വന്നിട്ട് മോണിങ് വാക്ക്, നൂണ്‍ വാക്ക് ഇതൊക്കെ പറഞ്ഞിട്ട്. രാഷ്ട്രീയല്ലേ.. എന്തൊക്കെ ഗിമ്മിക്കുകള്‍. എനിക്ക് അറിയാമായിരുന്നു ഇയാളെ ഒന്ന് ശരിയാക്കാം ഞാന്‍ രണ്ടുമൂന്ന് ആളോട് പറഞ്ഞു. വെള്ളം എടുക്കാന്‍ ഒന്ന് ഇറങ്ങി നില്‍ക്ക്. അതൊരു ട്രെന്‍ഡ് ആകുമെന്ന് പറഞ്ഞു. ആ സാധു ഇറങ്ങിയതാണ്. 10 മിനിറ്റ് കൊണ്ട് ഞാന്‍ അവിടെ ചെന്നിട്ട് വേറെ വിഡിയോ ഉണ്ടാക്കി. എന്താ അയാള്‍ ഇറങ്ങാന്‍ കാരണം എന്നറിയോ? പൊട്ടനാണ് അല്ലെങ്കില്‍ ഇറങ്ങുമോ? ആരെങ്കിലും കിണറ്റില്‍ ഇറങ്ങി വെള്ളമെടുത്ത് ലോകത്ത് കണ്ടിട്ടുണ്ടോ? മരിക്കാന്‍ ചാടിയിട്ടുണ്ട് കിണറ് നന്നാക്കാന്‍ ഇറങ്ങിയിട്ടുണ്ട്.
നിങ്ങളുടെ വൃത്തികെട്ട വര്‍ഗീയതയുടെ രാഷ്ട്രീയത്തിലേക്ക് എന്നെ ചേര്‍ത്തു വെക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം കൂടി പറയട്ടെ. എന്താണ് സജി ചെറിയ മാപ്പ് പറഞ്ഞു. കാരണം അയാള്‍ വര്‍ഗീയത പറഞ്ഞതാണ്. ഞാന്‍ മാപ്പ് പറയാം. എങ്ങനെ? മതമല്ല മതമല്ല മതമല്ല, മതമാണ്, മതമാണ്, മതമാണ് പ്രശ്‌നം എന്ന് പറഞ്ഞു അല്ലേ? അപ്പോള്‍ തിരിച്ചു പറയേണ്ടത് എന്താണ്? മതമല്ല, മതമല്ല, മതമല്ല പ്രശ്‌നം എന്നല്ലേ പറയേണ്ടത്? പോയി പണി നോക്കടോ. എനിക്ക് എന്റെ മതം പ്രശ്‌നമാണ്. എന്നെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ പറ്റുന്ന, എന്നെ വെട്ടും എന്നാ? എന്നെ ഇല്ല്യാണ്ടാക്കും എന്നാ? അല്ലേ? എന്റെ വിശ്വാസം എനിക്ക് വലുതാണ്. എന്റെ ജീവനേക്കാള്‍ വലുതാണ്. അതുകൊണ്ട് ഞാന്‍ അത് മാറ്റി പറയൂല.

